വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന; എം.വി.ഐയുടെ ബാഗിൽനിന്ന് 29,000 രൂപ പിടികൂടി
text_fieldsപാലക്കാട്: വേലന്താവളം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ മോട്ടോര്‍ വാഹന ഇൻസ്‌പെക്ടറില്‍നിന്നും രേഖകളില്ലാതെ സൂക്ഷിച്ച 29,000 രൂപ പിടികൂടി. എം.വി.ഐ സ്മിത ജോസിൽ നിന്നാണ് പണം പിടികൂടിയത്. ചെക്ക്‌പോസ്റ്റ് വഴി ഇതരസംസ്ഥാനത്തുനിന്ന് വരുന്ന ചരക്കു വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങി പരിശോധനയില്ലാതെ കടത്തിവിടുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.
ഡ്യൂട്ടി കഴിഞ്ഞ് കാറില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗിലെ പൗച്ചില്‍നിന്നാണ് 500 രൂപയുടെ 58 നോട്ടുകള്‍ കണ്ടെത്തിയത്. ഈ തുകക്ക് വ്യക്തമായ കാരണം കാണിക്കാനാവത്തതിനാല്‍ പണം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
ഈ മാസം അഞ്ചാം തീയതി വാളയാര്‍ ചെക്ക്പോസ്റ്റിലെ കൗണ്ടറില്‍ നിന്ന് 7200 രൂപയും കഴിഞ്ഞ 16ന് ഗോവിന്ദാപുരം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റ് ഓഫിസ് അറ്റൻഡന്റിന്റെ ബാഗില്‍നിന്നും കണക്കില്‍പെടാത്ത 26500 രൂപയും പിടികൂടിയിരുന്നു. മൂന്ന് സംഭവങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രാഹിമിന് ഡിവൈ.എസ്.പി ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന റെയ്ഡില്‍ വിജിലന്‍സ് ഡിവൈ.എസ്.പി എം. ഗംഗാധരന്‍, ഗസറ്റഡ് ഉദ്യോഗസ്ഥ കെ. ബിന്ദു, പാലക്കാട് വിജിലന്‍സ് എസ്.ഐമാരായ ബി. സുരേന്ദ്രന്‍, കെ. മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.ആര്‍. സതീഷ്‌കുമാര്‍, പി.ആര്‍. രമേഷ്, എം. മനോജ്, എം.എസ്. അഭിലാഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി. സന്തോഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.