അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന: ഗൂഗ്ൾ പേ കൈമടക്ക്, ഫ്ലക്സിനടിയിൽ പണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈയോടെ പിടികൂടിയത് വ്യാപക ക്രമക്കേടുകൾ. ഓപറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ അതിർത്തികളിലെ മോട്ടോർ വാഹന വകുപ്പ്, എക്സൈസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന. മേശപ്പുറത്ത് നിന്നും ഫ്ലക്സ് ബോർഡിന് അടിയിൽനിന്നുമെല്ലാം കണക്കിൽപ്പെടാത്ത പണം പിടികൂടി.
ചെക്പോസ്റ്റ് പരിസരത്തുനിന്ന് പണവുമായിനിന്ന ഏജന്റുമാരും വലയിലായി. വിജിലൻസ് സംഘമെത്തുമ്പോൾ ചെക്പോസ്റ്റുകൾ അടച്ചും അടക്കാതെയും ഉദ്യോഗസ്ഥർ ഉറക്കത്തിലായിരുന്നു. കണ്ണടച്ച് കടത്തി വിട്ട വാഹനം വിജിലൻസ് സംഘത്തെ കണ്ട് തിരികെ വിളിപ്പിച്ച് ഫീസടപ്പിച്ചതും മറ്റൊരു കാഴ്ച. വാളയാർ ചെക്പോസ്റ്റിൽ ‘പരിശോധന’ കഴിഞ്ഞ വാഹനത്തെ വിജിലൻസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അമിതഭാരം കയറ്റിയതിന് 85,500 രൂപ പിഴയീടാക്കാവുന്ന നിയമലംഘനമാണ്.
ഗൂഗ്ൾ പേയിലേക്കെത്തിയത് തുകക്ക് വിശദീകരണം നൽകാനാകാത്തതും പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നതും ഡ്യൂട്ടിക്ക് ഹാജരാകേണ്ടവർ ഓഫിസിൽനിന്ന് അപ്രത്യക്ഷമായതുമടക്കം വ്യാപക ക്രമക്കേടുകളാണ് ബോധ്യപ്പെട്ടത്. പാലക്കാട് വേലന്താവളം ചെക്പോസ്റ്റില്‍ ഓഫിസിനകത്തെ ഫ്ലക്സ് ബോർഡിനടിയില്‍ നിന്ന് 4700 രൂപ കണ്ടെടുത്തു. കൊല്ലം ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിലെ ഓഫിസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തുനിന്ന് കണ്ടെത്തിയത് 6000 രൂപ. തിരുവനന്തപുരം പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിന് സമീപത്തുനിന്ന് 11,900 രൂപയുമായി ഏജന്റിനെ പിടികൂടി.
പാലക്കാട് ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റില്‍നിന്ന് 3950 രൂപയും മേശപ്പുറത്തുനിന്ന് 1600 രൂപയും കണക്കിൽപ്പെടാത്തനിലയിൽ പിടികൂടി. കാസർകോട് ചെറുവത്തൂര്‍, പാലക്കാട് വാളയാർ ഔട്ട് ചെക്പോസ്റ്റുകളില്‍ പരിശോധന കൂടാതെ, വാഹനങ്ങളെ കടത്തിവിടുന്നതായി ബോധ്യപ്പെട്ടു. മഞ്ചേശ്വരം ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിൽ കാണേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടറെ അവിടെ ഹാജരില്ലാത്തതും കണ്ടെത്തി. തിരുവനന്തപുരം പൂവാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധനക്ക് എത്തിയസമയം ഓഫിസ് അടച്ചിട്ട് ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നു.
ഡ്യൂട്ടി സമയത്ത് ഉറക്കം, ഓഫിസ് സമയത്ത് അപ്രത്യക്ഷം
തിരുവനന്തപുരം: ഓപറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പല എക്സൈസ് ചെക്പോസ്റ്റുകളിലും പരിശോധനയില്ലെന്ന് മാത്രമല്ല, ഡ്യൂട്ടി സമയം ഉദ്യോഗസ്ഥർ ഉറങ്ങുന്നതായും കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ ആറ്റുപുറം, പൂവാർ, മാവിളക്കടവ്, മണ്ഡപത്തിൻകടവ്, നെയ്യാറ്റിൻകര അറക്കുന്ന് കടവ്, അമരവിള, പിരായുംമൂട്, വയനാട് തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റുകളിൽ പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നു.
അറക്കുന്ന് കടവിൽ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും പിരായുംമൂട്ടിൽ ഡ്യൂട്ടി സമയം ഒരു എക്സൈസ് ഉദ്യോഗസ്ഥനും പെരുമ്പഴുതൂരിൽ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും ഉറങ്ങുകയായിരുന്നു. പിരായുംമൂട് ചെക്പോസ്റ്റിലാണ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഗൂഗ്ൾ പേ വഴി 29,250 രൂപ ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭ്യമായതായി കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടിയുമുണ്ടായില്ല. നെയ്യാർഡാം ചെക്പോസ്റ്റ് അടച്ചിട്ട് ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നു. പാറശ്ശാലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ കോഴികളുമായി വന്ന വാഹനം പരിശോധനയില്ലാതെ കടത്തിവിട്ടെങ്കിലും വിജിലൻസിനെ കണ്ട് തിരികെ വിളിപ്പിച്ച് ഫീസ് അടപ്പിച്ച് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.