അനധികൃത സ്വത്ത് സമ്പാദന കേസ്: എം.ആർ. അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
text_fieldsതിരുവനന്തപുരം: അനധികൃത സ്വന്ത് സമ്പാദന കേസിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അജിത്കുമാറിനെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.
അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കുറവൻ കോണത്തെ ഫ്ലാറ്റ്ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. കവടിയാറിലെ വീട് നിർമാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലൻസ് കണ്ടെത്തി. വീട് നിർമാണം സ്വത്ത്‍വിവരണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡി.ജി.പിക്ക് കൈമാറും.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിൽ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിരുന്നു. ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ ആരോപിച്ചിരുന്നു.
അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശിപാര്‍ശ ചെയ്തത്.
അതേസമയം, റിപ്പോർട്ട് തള്ളിയ പി.വി. അൻവർ എം.എൽ.എ താൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം പ്രസഹനമാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.