വനം വകുപ്പിലെ മുൻ ക്ലർക്കിനെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു
text_fieldsകോഴിക്കോട്: വനം വകുപ്പിലെ മുൻ ക്ലർക്കിനെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. 2002-2003 കാലഘട്ടത്തിൽ പുനലൂർ വനം വകുപ്പ് ഡിവിഷൻ ക്ലർക്കായിരുന്ന കെ.രാഘവനെയാണ് ശിക്ഷിച്ചത്. ജീവനക്കാരുടെ ശമ്പള ബില്ലിൽ തിരിമറി നടത്തി 70,880 രൂപ വെട്ടിച്ചുവെന്നായിരുന്നു കേസ്. തിരുവനന്തപുരം വിജിലൻസ് കോടതി നാലുവർഷം തടവിനും 1.50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2002 മേയ് മാസം മുതൽ 2003 ജൂൺ മാസം വരെ പുനലൂർ വനം വകുപ്പ് ഡിവിഷൻ ഓഫിസിലെ ഫ്ലയിങ് സ്ക്വാഡ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ലോവർ ഡിവിഷൻ ക്ലാർക്ക് ആയിരുന്ന കെ. രാഘവൻ ജീവനക്കാരുടെ ശമ്പളബില്ല് തയാറാക്കിയതിൽ നിന്നും പിടിച്ച പി.എഫ് തുക അടക്കാതെയും, ട്രഷറി ചെക്കുകളിൽ ഡി.എഫ്.ഒ യുടെ വ്യാജ ഒപ്പിട്ട് പണം അപഹരിച്ചും, വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സർക്കാരിലേക്ക് അടച്ച തുക ഫയലിൽ രേഖപ്പെടുത്താതെയുമാണ് 70,880 രൂപ വെട്ടിച്ചത്.
കൊല്ലം വിജിലൻസ് യുനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ കെ. രാഘവൻ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് യുനിറ്റ് മുൻ ഡി.വൈ.എസ്.പി ജയശാന്തിലാൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ റെജി എബ്രഹാം, ഷൈനു തോമസ്, ഡി.വൈ.എസ്.പി റെക്സ് ബോബി അരവിന്ദ് എന്നിവരാണ് അന്വേഷണം നടത്തിയത്. മുൻ ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ള കുറ്റപത്രം സമർപ്പിച്ചകേസിലാണ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത്ത് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.