ധനകാര്യ വകുപ്പ് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്ന് ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: ധനകാര്യവകുപ്പിനെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ധനകാര്യവകുപ്പ് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും താൻ പ്രവര്‍ത്തിച്ച വകുപ്പിലെ ഫയലുകള്‍ പ്രതികാരബുദ്ധിയോടെ പരിശോധിക്കുകയാണെന്നും കാണിച്ചാണ് ജേക്കബ് തോമസ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും അയച്ച കത്തിലാണ് ധനകാര്യവകുപ്പ് പരിശോധനക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ പരാതിപ്പെടുന്നത്.
ആക്ഷേപങ്ങൾ ഉയർന്ന മറ്റു വകുപ്പുകളിൽ പരിശോധന നടക്കുന്നില്ലെന്നും കത്തിൽ ജേക്കബ് തോമസ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആക്ഷേപങ്ങൾ ഏറെ ഉയർന്ന പൊതുമരാമത്ത്, വിദ്യാഭ്യാസവകുപ്പ്, ഗതാഗതം, മൈനിങ് ആൻഡ് ജിയോളജി, ലോട്ടറി, വ്യവസായം, ആരോഗ്യം, വാണിജ്യ നികുതി വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഫയലുകള്‍ ഒന്നും പരിശോധിക്കുന്നില്ല. താൻ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഫയലുകളെ സംബന്ധിച്ച് മാത്രം പ്രതികാര ബുദ്ധിയോടെ ധനവകുപ്പ് നീങ്ങുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കത്തിൽ പറയുന്നു. ഇതുമൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ജേക്കബ് തോമസ് കത്തില്‍ സൂചിപ്പിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്ന് നേരത്തെ ധനകാര്യപരിശോധനാ വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്നായിരുന്നു ധനകാര്യവകുപ്പിന്‍റെ കണ്ടെത്തൽ. അന്വേഷണം സംബന്ധിച്ച ഫയലുകള്‍ ധനവകുപ്പ് സെക്രട്ടറി കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ധനകാര്യ വകുപ്പിനെതിരെ പരാതിയുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.