എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ശിപാർശ ദിവസങ്ങൾക്കുശേഷം സർക്കാർ അംഗീകരിച്ചു.
അജിത്കുമാർ ക്രമാസമാധാന ചുമതലയുള്ള പദവിയിൽ തുടരുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാത്രിയോടെ പുറത്തിറക്കി. അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം.
അജിത്കുമാർ നഗരമധ്യത്തിൽ കോടികള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയതും ഇവിടെ ആഡംബര കെട്ടിടം നിര്‍മിക്കുന്നതുമുള്‍പ്പെടെ വിഷയങ്ങൾ അന്വേഷണ പരിധിയിലുണ്ടാകും. അജിത്കുമാര്‍ ആഡംബര വസതി പണിയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സിന് എറണാകുളം സ്വദേശി നേരത്തേ പരാതി നല്‍കിയിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇ-മെയിലായി അയച്ച പരാതി അന്വേഷണാനുമതിക്കായി സര്‍ക്കാറിന് കൈമാറിയിരുന്നു. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാറിനെ അറിയിച്ചു.
എം.ആര്. അജിത്കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പി.വി. അന്‍വർ എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാറിന്റെ അന്വേഷണാനുമതി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, ഓണ്‍ലൈന്‍ ചാനലുടമയില്‍നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച് സ്വര്‍ണ ഇടപാടുകള്‍, സ്വര്‍ണം പൊട്ടിക്കലിലൂടെ പണമുണ്ടാക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളും പി.വി. അൻവർ ഉന്നയിച്ചിരുന്നു.
മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും. നിലവില്‍ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് -ഒന്നിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്. വൈകാതെ സുജിത്ദാസിന്റെ മൊഴിയെടുക്കും.
മരംമുറി പരാതി പിന്‍വലിച്ചാല്‍ ശേഷിക്കുന്ന സര്‍വിസ് കാലത്ത് താന്‍ എം.എൽ.എക്ക് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സേനക്ക് നാണക്കേടായിരുന്നു.
എ.ഡി.ജി.പിയെ മാറ്റണം; നിലപാടിലുറച്ച് പി.വി. അൻവർ
നിലമ്പൂർ: എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. അജിത്ത് കുമാറിനെതിരെ സി.പി.ഐ നിലപാട് കടുപ്പിച്ചത് ശ്രദ്ധയിൽപെടുത്തിയപ്പോൾ, അത് സി.പി.ഐയുടെ മാത്രമല്ല എല്ലാവരുടെയും അഭിപ്രായമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.