ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃത സ്വത്ത് സമ്പദിച്ചെന്ന പരാതിയിലാണ് അന്വേഷണം. സത്യൻ നരവൂർ എന്നയാളുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം. തമിഴ്നാട്ടിൽ 100 ഏക്കർ അനധികൃത സ്വത്ത് ജേക്കബ് തോമസ് വാങ്ങിക്കൂട്ടിയെന്നാണ് ഇയാൾ പരാതി നൽകിയത്.
രണ്ടു മാസത്തെ അവധിക്ക് ശേഷം സർവിസിൽ തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി ഇന്ന് നിയമിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.എം.ജി. വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. ഐ.എം.ജി ഡയറക്ടറായിരുന്ന ടി.പി. സെൻകുമാർ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
ജൂൺ 30ന് ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാൽ, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടു വരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താൽപര്യമുണ്ടെങ്കിലും പാർട്ടിയെ മറികടന്ന് എന്ത് ചെയ്യാൻ കഴിയുമെന്നത് കണ്ടറിയണം.
ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാർട്ടിയുടെ താൽപര്യം കണ്ടറിഞ്ഞ് ബെഹ്റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കിൽ സെൻകുമാറിെൻറ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം. വിജിലൻസ് തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്ന് ജേക്കബ് തോമസ് ഇന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.