നെടുംകുന്നത്തെ ക്രഷറിൽ വിജിലൻസ് പരിശോധന; 58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തി
text_fieldsകോട്ടയം: നെടുംകുന്നത്തെ റോയൽ ഗ്രാനൈറ്റ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 58 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായാണ് വിജിലൻസ് വിലയിരുത്തൽ. പാറ ഉൽപന്നങ്ങൾ വിതരണം ചെയ്യുമ്പോൾ നിശ്ചിത തുക റോയല്‍റ്റിയായി ജിയോളജി വകുപ്പില്‍ അടച്ച് കടത്തു പാസ് വാങ്ങണമെന്നാണ് നിയമം. എന്നാൽ, ഇവർ പാസ് വാങ്ങാതെ പാറ ഉൽപന്നങ്ങൾ കടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ഇതിലൂടെ സർക്കാറിന് റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടമായതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച പുലർച്ച 5.45ന് കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെയും സി.ഐ മഹേഷ് പിള്ളയുടെയും നേതൃത്വത്തിലാണ് റോയൽ ഗ്രാനൈറ്റ്സ് എന്ന പാറമട ക്രഷർ യൂനിറ്റിൽ മിന്നൽ പരിശോധന നടത്തിയത്.
പരിശോധന ആരംഭിച്ചപ്പോൾ ക്വാറി ഉൽപന്നങ്ങളുമായി പുറത്തിറങ്ങിയ നാല് ടിപ്പർ ലോറികളിൽ ഒന്നിനുപോലും പാസ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് കമ്പ്യൂട്ടർ, സി.സി ടി.വി എന്നിവ പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച 72 ലോറികൾ ലോഡുമായി പുറത്തേക്ക് പോയെങ്കിലും മൂന്നെണ്ണത്തിന് മാത്രമേ പാസുള്ളൂവെന്ന് കണ്ടെത്തി. പ്രതിദിനം ശരാശരി മൂന്നുലക്ഷം രൂപയോളം റോയൽറ്റി ഇനത്തിൽ സർക്കാറിനെ വെട്ടിക്കുന്നതായും കണ്ടെത്തി.
ക്വാറിയിൽനിന്ന് വിൽക്കുന്ന കരിങ്കൽ, പാറപ്പൊടി എന്നിവക്ക് ജി.എസ്.ടി ബിൽ തയാറാക്കി നൽകുന്നുണ്ടെങ്കിലും ജിയോളജി പാസ് വാങ്ങുന്നില്ല. തുടർ പരിശോധനയിൽ ജനുവരി ഒന്നുമുതൽ കഴിഞ്ഞദിവസം വരെ ലോഡുമായി പോയ 2728 വാഹനങ്ങൾക്ക് സ്ഥാപനത്തിൽനിന്നും ജി.എസ്.ടി ബിൽ അടിച്ചിട്ടുണ്ട്. എന്നാൽ, 220 വാഹനങ്ങൾക്ക് മാത്രമാണ് ജിയോളജിയുടെ പാസ് എടുത്തിരിക്കുന്നത്. ഇതിൽ മാത്രം 58 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലൻസ് പറഞ്ഞു. ജിയോളജി വകുപ്പിന്റെ പാസിന് ഒരു മെട്രിക് ടണ്ണിന് 48 രൂപ അടക്കണം.
ഇത് അടക്കാതെയാണ് കരിങ്കൽ ഉൽപന്നങ്ങളുടെ വിൽപനക്കായി കൊണ്ടുപോകുന്നത്. കഴിഞ്ഞ ആറുമാസത്തെ കടത്തിലിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയം ജിയോളജിസ്റ്റിനെയും അസി. ജിയോളജിസ്റ്റിനെയും സ്ഥലത്ത് വിളിച്ചുവരുത്തി വിജിലൻസ് വിശദീകരണവും തേടി. ഇവർ നടത്തിയ പരിശോധനയിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ ക്രഷറിൽ പാറ ഉൽപന്നങ്ങൾ സൂക്ഷിച്ചതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.