പി.വി. അൻവറിന്റെ എടത്തലയിലെ ഭൂമിയിൽ വിജിലൻസ് പരിശോധന
text_fieldsആലുവ: മുൻ എം.എൽ.എ പി.വി. അൻവറിന്റെ എടത്തലയിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തി. സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ശനിയാഴ്ച രാവിലെ 10.30ന് എടത്തല പഞ്ചായത്ത് ഓഫിസിലെത്തി രേഖകളുടെ പ്രാഥമിക പരിശോധന നടത്തി. തുടർന്ന് കുഴിവേലിപ്പടിയിലെത്തി വിവാദഭൂമിയും കെട്ടിടവും പരിശോധിച്ചു. പഞ്ചായത്ത് സെക്രട്ടറി യൂജിനും ഒപ്പമുണ്ടായിരുന്നു.
മണിക്കൂറുകൾ നീണ്ട സൈറ്റ് പരിശോധനക്കുശേഷം പഞ്ചായത്തിൽ തിരിച്ചെത്തിയ അന്വേഷണസംഘം രേഖകൾ വീണ്ടും വിശദമായി പരിശോധിച്ചു.
11.46 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. അനധികൃതമായി പോക്കുവരവ് നടത്തിയാണ് ഭൂമി സ്വന്തമാക്കിയതെന്ന പരാതിയിലാണ് അൻവറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്.
വ്യവസായിയും പ്ലാന്ററുമായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെടുന്ന പാട്ടാവകാശം മാത്രമുള്ള ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം.
ആലുവയിൽ നാവികസേന ആയുധ സംഭരണശാലക്കുസമീപം 11.46 ഏക്കർ ഭൂമി ഇന്റർനാഷനൽ ഹൗസിങ് കോംപ്ലക്സിന്റേതാണ്. ഇവർ 99 വർഷത്തേക്ക് ഭൂമി ജോയ്യത് ഹോട്ടൽ റിസോർട്സ് ലിമിറ്റഡിന് പാട്ടത്തിന് നൽകി. ഇവിടെ ഏഴുനിലകളുള്ള സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ റിസോർട്ട് കെട്ടിടങ്ങളാണ് പണിതത്. ജോയ്യത് റിസോർട്സ് ടൂറിസം ഫിനാൻസ് കോർപറേഷനിൽനിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഡൽഹിയിലെ ഡി.ആർ.ടിയിൽനിന്ന് (ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ) ലേലത്തിനാണ് പി.വി. അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് ഇന്ത്യ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം സ്വന്തമാക്കിയത്. പാട്ടാവകാശം മാത്രമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്നു പറഞ്ഞ് പി.വി. അൻവർ ആലുവ ഈസ്റ്റ് വില്ലേജിൽ നിയമവിരുദ്ധമായി നികുതിയടച്ച് സ്വന്തമാക്കിയെന്നാണ് കേസ്. ക്രയവിക്രയാവകാശമുള്ള സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെട്ട് എസ്.ബി.ഐ കോയമ്പത്തൂർ ശാഖയിൽനിന്ന് 14 കോടി രൂപ വായ്പയെടുത്ത് സാമ്പത്തികലാഭം നേടിയതായി ആരോപണമുണ്ട്.
വിവാദഭൂമിയിൽ കെട്ടിടം പണിയാൻ അനുവാദം നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വിജിലൻസിനെ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.