സാഹിത്യ അക്കാദമിയിൽ വിജിലൻസ് പരിശോധന; അന്വേഷണം ലക്ഷങ്ങൾ പാഴായ പദ്ധതികളിൽ
text_fieldsതൃശൂർ: ഗ്രന്ഥസൂചി, കേരള സാഹിത്യ ചരിത്രം തുടങ്ങിയ പദ്ധതികളിലെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം കേരള സാഹിത്യ അക്കാദമിയിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പരിശോധന.
2000-2005 കാലത്തെ ഗ്രന്ഥസൂചി അച്ചടിച്ചിട്ടും പുറത്തിറങ്ങാതെ മുടങ്ങിയതിലെ അഴിമതിയും മലയാള സാഹിത്യ ചരിത്ര ഗ്രന്ഥം പിഴവുകൾ കാരണം വിറ്റഴിക്കാനാകാതെ സൂക്ഷിച്ചതിനെപ്പറ്റിയുമാണ് പരിശോധിച്ചത്. അക്കാദമിയിലെ ഹാളുകൾ വാടകക്ക് നൽകുന്നതിൽ അഴിമതി നടന്നിരുന്നുമെന്നുമുള്ള പരാതിയിലും അന്വേഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ പരിശോധന പൂർത്തിയാക്കാനായില്ലെന്നും അടുത്തദിവസം രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ഡിവൈ.എസ്.പി പി.എസ്. സുരേഷ് അറിയിച്ചു. പരിശോധന പൂർത്തിയാക്കി എസ്.പി മുഖാന്തരം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.
യു.ഡി.എഫ് കാലത്ത് ലക്ഷങ്ങൾ ചെലവിട്ട് എങ്ങുമെത്താതെ പോയ 'മലയാള സാഹിത്യ ചരിത്രം', 'ഗ്രന്ഥസൂചി' പദ്ധതികളിലാണ് പ്രധാനമായും അന്വേഷണം. ലക്ഷങ്ങൾ ചെലവിട്ട് പകുതിയിലധികവും പ്രസിദ്ധീകരിച്ച് തെറ്റുകളെ തുടർന്ന് നിർത്തിവെച്ചതാണ് 'മലയാള സാഹിത്യ ചരിത്രം'. 80 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. 12 വാള്യങ്ങൾ പ്രസിദ്ധീകരിക്കാൻ വിഭാവനം ചെയ്തെങ്കിലും ഒമ്പതെണ്ണമാക്കി കുറച്ചു. പ്രസിദ്ധീകരിച്ചതാകട്ടെ ആറെണ്ണം മാത്രം. പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് അക്കാദമി തന്നെ നിയോഗിച്ച പ്രത്യേക സമിതി തെറ്റുകളും അബദ്ധങ്ങളും നിറഞ്ഞതാണെന്നും പ്രസിദ്ധീകരിച്ചത് വിപണിയിലെത്തിക്കാൻ കഴിയില്ലെന്നുമാണ് കണ്ടെത്തിയത്. 27 ലക്ഷം ചെലവിട്ട് ഏഴ് വാള്യങ്ങൾ 1000 കോപ്പി വീതം അച്ചടിച്ചു.
ജനറൽ എഡിറ്റർക്ക് ആറ് ലക്ഷവും വാള്യം എഡിറ്റർക്ക് 50,000 രൂപയും ഓരോ പേജ് എഴുതുന്നവർക്ക് 500 രൂപയുമായിരുന്നു പ്രതിഫലം. ആറ് വാള്യങ്ങൾ അച്ചടിച്ചപ്പോൾ ഭരണസമിതി മാറി. പിന്നീട് വന്ന സമിതി പുതിയ വാള്യങ്ങളിലേക്കുള്ള ഇനങ്ങൾ പരിശോധിച്ചപ്പോഴാണ് തെറ്റുകൾ കണ്ടെത്തിയത്. തുടർന്ന് അച്ചടി നിർത്തി.
മലയാളത്തിലെ മുഴുവൻ ഗ്രന്ഥങ്ങളുടെയും വിവരം ഉൾക്കൊണ്ട ഗ്രന്ഥസൂചി തയാറാക്കുന്ന പദ്ധതിയും ഇക്കാലത്താണ് തുടങ്ങിയത്. ഭരണസമിതി മാറിയപ്പോൾ ഗ്രന്ഥസൂചിയിലെ തെറ്റുകൾ മാറ്റാൻ മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി. ഒടുവിൽ അച്ചടിക്കാതെ ഡിജിറ്റൽ രൂപത്തിലാണ് പുറത്തിറക്കിയത്. ഇതിന് പിന്നീട് വൻ തുക ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.