തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ; ഹയർ സെക്കൻഡറി ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും അനുബന്ധ ഓഫിസുകളിലും 'ഓപറേഷൻ റെഡ് ടേപ്പ്' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും കെടുകാര്യസ്ഥതയും കണ്ടെത്തി.
മിക്കയിടങ്ങളിലും ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നതായും ഇതിൽ പലതും മനഃപൂർവം പിടിച്ചുെവച്ചിരിക്കുന്നതായും വ്യക്തമായി. സംസ്ഥാനത്തൊട്ടാകെ പ്രമോഷൻ തസ്തികയിലും നേരിട്ട് നിയമനം ലഭിക്കേണ്ട തസ്തികയിലും 733 നിയമനങ്ങൾ അംഗീകാരമാകാതെ വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. വിവിധ ആനുകൂല്യങ്ങൾക്കായുള്ള 66 ഫയലുകൾ റീജനൽ ഡെപ്യൂട്ടി ഡയറക്ടേറ്റ് ഓഫിസുകളിൽ കുടുങ്ങിക്കിടക്കുന്നു.
ഏറ്റവും കൂടുതൽ ഫയലുകൾ തീരുമാനമാകാതെ കിടക്കുന്നത് മലപ്പുറം ജില്ല ഓഫിസിലാണ്, 648 എണ്ണം. കോട്ടയം റീജനൽ ഡെപ്യൂട്ടി ഡയറക്ടേറ്റിൽ നിയമനങ്ങൾക്ക് വേണ്ടിയുള്ള 30 ഫയലുകളും മെഡിക്കൽ റീഇംബേഴ്സ്മെന്റിന് വേണ്ടിയുള്ള ഏഴ് ഫയലുകളും ലീവ് ആനുകൂല്യങ്ങൾക്കുള്ള നാല് ഫയലുകളും അനാവശ്യമായി െവച്ചുതാമസിപ്പിക്കുന്നതായും കണ്ടെത്തി.
അധ്യാപക-അനധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള 54 ഫയലുകൾ പാസാക്കിയ ശേഷം പേമെന്റ് നടത്തിയിട്ടില്ലെന്നും കണ്ടെത്തി. എറണാകുളം റീജനൽ ഡെപ്യൂട്ടി ഡയറക്ടേറ്റിൽ നിയമനത്തിനുള്ള 50 ഫയലുകളിലും അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കായുള്ള 10 ഫയലുകളിലും നടപടി സ്വീകരിച്ചില്ല. 2018ലെ ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിച്ചില്ല. പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യാൻ മാർച്ചിൽ നൽകിയ അപേക്ഷ നടപടി സ്വീകരിക്കാതെ മാറ്റി െവച്ചതായി കണ്ടെത്തി. തിരുവനന്തപുരം റീജനൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മാനേജ്മെന്റുകളുടെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നടപടി എടുത്തിട്ടില്ല.
ഈ ഫയലുകൾ വരും ദിവസങ്ങളിൽ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ
തിരുവനന്തപുരം: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, അധ്യാപകരുടെ ആനുകൂല്യങ്ങൾ പാസാക്കി നൽകൽ, മാനേജുമെന്റുകൾക്ക് ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കി കൊടുക്കൽ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ എന്നിവക്ക് വൻതോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികങ്ങൾ കൈപ്പറ്റുന്നതായും പരിശോധനയിൽ വ്യക്തമായി. ഓഫിസുകളിൽ ലഭിക്കുന്ന വിവിധ ആവശ്യങ്ങൾക്കായുള്ള പി.എഫ്, സറണ്ടർ, ലീവ് ഇൻക്രിമെന്റ്, ഡി.എ അരിയറുകൾ തുടങ്ങിയ അപേക്ഷകളിൽ കുറച്ചുമാത്രമേ സമയബന്ധിതമായി തീർപ്പാക്കാറുള്ളൂയെന്നും ബാക്കിയുള്ളവ വിവിധ കാരണങ്ങൾ പറഞ്ഞ് താമസിപ്പിക്കാറുള്ളതായും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ പ്രസ്തുത അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളൂവെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. എയ്ഡഡ് ഹയർസെക്കൻഡറി മാനേജ്മെന്റുകൾ ഉദ്യോഗാർഥികളിൽനിന്ന് ഡൊണേഷനായി സ്വീകരിക്കുന്ന തുകയുടെ നിശ്ചിത ശതമാനം അതാത് റീജനൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതിനുശേഷം മാത്രമേ നിയമനം അംഗീകരിക്കുന്ന നടപടികൾ സ്വീകരിക്കൂ.
ചില ഉദ്യോഗസ്ഥർ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് ക്രമവിരുദ്ധമായി മാനേജ്മെന്റുകൾക്ക് ഒത്താശ ചെയ്യുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.