കെ.എം. ഷാജിയുടെ വീടുകൾ അളക്കാൻ വിജിലൻസ് നിർദേശം
text_fieldsകോഴിക്കോട്: കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലൻസ്. വീടുകൾ ഒരാഴ്ചക്കുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനാണ് വിജിലൻസ് നോട്ടീസ് നൽകിയത്. മൂന്നു വർഷം മുമ്പ് കോഴിക്കോട്ടെയും രണ്ട് വർഷം മുമ്പ് കണ്ണൂരിലെയും വീടുകളുടെ നിർമാണം ഷാജി പൂർത്തിയാക്കിയെന്നാണ് വിവരം. ഇതുപ്രകാരം മൂന്നുവർഷം മുമ്പുള്ള സിമിന്റ് അടക്കമുള്ള കെട്ടിട നിർമാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിന്റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 12ന് കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ അലവിൽ മണലിലെയും വീടുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത അരക്കോടി രൂപ പിടികൂടുകയും ചെയ്തു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗൾഫ് നാടുകളിലെ ഉൾപ്പെടെ ബിനിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഷാജിയുടെ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്വത്തുക്കളുടെ രേഖകളും വിജിലൻസ് കണ്ടെടുത്തു. വിവിധ ബാങ്കുകളിലെ ഷാജിയുടെയും ഭാര്യ ആശയുടെയും നിക്ഷേപ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
കണ്ണൂര് അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയുടെ ഭാഗമായി എന്ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് വീടുനിർമാണം സംബന്ധിച്ച രേഖകൾ കോർപറേഷൻ പരിശോധിച്ചപ്പോൾ 3,000 ചതുരശ്രഅടിയിൽ താഴെ വിസ്തീർണത്തിൽ വീട് നിർമിക്കാൻ അനുമതി വാങ്ങി 5,260 ചതുരശ്ര അടിയിൽ നിർമിച്ചെന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.