എ.ഐ കാമറ ഇടപാടിൽ ഗതാഗത വകുപ്പിലെ പ്രവർത്തനങ്ങളിൽ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ സ്ഥാപിച്ചതുൾപ്പെടെ ഗതാഗതവകുപ്പിലെ വിവിധ പ്രവർത്തനങ്ങൾ വിജിലൻസ് അന്വേഷിക്കുന്നു. ജോയന്റ് ട്രാൻസ്പോർട്ട് കമീഷണറായിരുന്ന രാജീവൻ പുത്തലത്തിന് എതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞവർഷം ലഭിച്ച പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ വിജിലൻസിന് അനുമതി നൽകിയിരുന്നു. 2022 മേയിലാണ് വിജിലൻസ് ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
പ്രാഥമികാന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സ്പെഷൽ യൂനിറ്റ്- 2 എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.
രാജീവൻ പുത്തലത്തിന് എതിരെ സ്ഥലം മാറ്റം, ഉപകരണങ്ങൾ വാങ്ങൽ, മറ്റ് ഇടപാടുകൾ ഉൾപ്പെടെ ആറ് കാര്യങ്ങളിൽ ക്രമക്കേട് ആരോപിച്ചുള്ള പരാതിയാണ് വിജിലൻസിന് ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പരാതികളിൽ ചിലതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രാജീവൻ പുത്തലത്ത് കഴിഞ്ഞ വർഷം സർവിസിൽനിന്ന് വിരമിച്ചു. അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് വിജിലൻസിന് പരാതികൾ ലഭിച്ചത്. തുടർന്ന് പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തി വിവരങ്ങൾ വിജിലൻസ് വകുപ്പിന് കൈമാറി. വിശദമായ അന്വേഷണം വേണമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി നൽകിയത്.
സേഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും. രാജീവൻ പുത്തലത്തിന് പുറമെ കമീഷണര്‍ ഓഫിസിലെ ഒരു ക്ലർക്കിനെതിരെയും ആരോപണമുണ്ട്. എ.ഐ കാമറകള്‍, ലാപ്ടോപ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് പരാതികൾ അന്വേഷണസംഘം പരിശോധിക്കും.
ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എ.ഐ കാമറ ഇടപാടിലേക്കും ടെൻഡര്‍ നടപടികളിലേക്കും എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിഷയമാവും. അതേസമയം കാമറ സ്ഥാപിച്ചതുൾപ്പെടെ കാര്യങ്ങൾ ചെയ്തത് കെൽട്രോൺ ആണെന്നും ടെൻഡർ നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും രാജീവൻ പുത്തലത്ത് പ്രതികരിച്ചു. സേഫ്കേരള പദ്ധതി നടപ്പാക്കിയത് മുതൽ ആരോപണങ്ങളുണ്ടെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.