റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം; എക്സിക്യൂട്ടിവ് എൻജിനീയർ നീണ്ടകാല അവധിക്ക്
text_fieldsകോന്നി/അടൂർ: റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം തുടങ്ങിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട റോഡ്സ് ഡിവിഷൻ എക്സി. എൻജിനീയർ ബി. ബിനു നീണ്ടകാല അവധിക്ക് അപേക്ഷ നൽകി.കരാറുകാരൻ ചെയ്ത പണിക്ക് ആരോപണ വിധേയനായി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് അവധി അപേക്ഷയെന്നാണ് അറിയുന്നത്. ഇത് വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്.
2016 -17ലെ ബജറ്റ് പ്രകാരം നവീകരിച്ച ളാക്കൂർ വഴി കുമ്പഴ-കോന്നി റോഡ് സംബന്ധിച്ച പരാതിയിൽ വിജിലൻസ് നടപടി തുടങ്ങിയിരുന്നു. ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ഉദ്യോഗസ്ഥൻ ബില്ല് മാറിനൽകിയത് വഴി നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പണി വിജിലൻസ് തടഞ്ഞിരുന്നു.
ജോലി നിർത്തിവെക്കാനും നിർദേശിച്ചു. മൂന്നു വർഷം മുമ്പ് പണിതീർന്ന് ബിൽ മാറിയ പാതയിൽ നിലവിൽ കരാറുകളൊന്നുമില്ലാതെ നിർമാണം നടക്കുന്നതായി വിജിലൻസ് സംഘം, എക്സി.എൻജിനീയറെ അറിയിക്കുകയും ചെയ്തു. അതേസമയം, ഈ പാത കരാർ ഏറ്റെടുത്തു ചെയ്ത കാലയളവിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബി. ബിനു തന്നെയാണ് ഇപ്പോഴും തൽസ്ഥാനത്ത്.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥൻ നിർദേശിച്ചതനുസരിച്ചാണ് ഇപ്പോൾ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് പരാതി ഉയർന്നിരുന്നു. എക്സി. എൻജിനീയറുടെ അറിവില്ലാതെ ഇത് നടക്കുമോയെന്നതും അന്വേഷണ വിധേയമാണ്.
അതേസമയം, എക്സി. എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് വിശദീകരണം ചോദിച്ച് നോട്ടീസും നൽകിയിരുന്നു. ഇതിനിടെ പൊതുമരാമത്ത് കോന്നി മേഖലയിൽപെട്ട റോഡിൽ താൻ അറിയാതെ ആരോ ക്രാഷ് ബാരിയർ സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടി അസി.എൻജിനീയർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
പരാതി നൽകി കരാറുകാരൻ
ളാക്കൂർ വഴി കുമ്പഴ-കോന്നി പാതയുടെ പണി ചെയ്ത കരാറുകാരെൻറ സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി.വി. മാത്യു, അസി. എക്സി. എൻജിനീയർ ബി.ബിനുവിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു.അളവ് എടുത്തയാൾ റോഡിെൻറ അളവിൽ വ്യത്യാസം കാണിച്ച് കരാറുകാരനോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും 10 ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടെന്നും പറയുന്നു.
കരാറുകാരൻ ബാക്കി തുക കൊടുത്തില്ല. ഈ ജോലിയിൽ റിവേഴ്സ് എസ്റ്റിമേറ്റിൽ ബില്ല് പാസാക്കി പണി നടത്താതെ എം ബുക്കിൽ എഴുതി ബിൽ മാറി ലക്ഷങ്ങൾ സർക്കാറിന് നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറഞ്ഞിരുന്നു. പൊതുമരാമത്ത് കരാർ ഏറ്റെടുത്ത് ചെയ്യുന്ന മാത്യു, മൂഴിയാർ ലിങ്ക് റോഡിൽ കലുങ്ക് പണികൾ ഏറ്റെടുത്ത് ചെയ്തു തുടങ്ങുമ്പോൾ റാന്നി സബ്ഡിവിഷനിലേക്ക് സ്ഥലം മാറി എത്തിയ ബിനു പഴയ ബാക്കി കൈക്കൂലി ആവശ്യപ്പെട്ടെന്നും തന്റെ ജോലിക്കാരെ ഭീഷണിപ്പെടുത്തുന്നതായും കരാറുകാരൻ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
മഴ കാര്യമാക്കണ്ട; പണി നടക്കട്ടെ
ഒരു മാസം മുമ്പ് കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മഴ പെയ്തതിനെ തുടർന്ന് സബ്ഡിവിഷൻ ഉദ്യോഗസ്ഥർ നിർത്തിവെച്ച പണി കരാറുകാരൻ അനധികൃതമായി ചെയ്ത സംഭവത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മന്ത്രി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ നടപടി നേരിട്ട ഓവർസിയർ പരാതിക്കിടയായ സംഭവദിവസം അവധിയിലായിരുന്നത് ബോധ്യപ്പെട്ട മന്ത്രി സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പത്തനംതിട്ടയിൽ ചുമതലയേറ്റ ശേഷമാണ് ചന്ദനപ്പള്ളി-കോന്നി റോഡിൽ റിവേഴ്സ് എസ്റ്റിറ്റിമേറ്റുണ്ടാക്കി വള്ളിക്കോട് ഗുരുമന്ദിരം ജങ്ഷനിൽ പുട്ടുകട്ട വിരിച്ചത്. എന്നാൽ, ഇവിടെ വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടങ്ങൾ പതിവായതോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഇദ്ദേഹത്തെ പരസ്യമായി ശകാരിച്ചിരുന്നു. തുടർന്ന് പുട്ടുകട്ട പൊളിച്ച് ഇവിടം ടാർ ചെയ്തു.
വിജിലൻസ് അന്വേഷണം നേരിടുന്ന അസി.എക്സി.എൻജിനീയർ ബി. ബിനു അടൂരിൽ തൽസ്ഥാനത്ത് ജോലി ചെയ്യുമ്പോൾ 'മാധ്യമം' ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളും മറ്റും മന്ത്രിയുടെ ശ്രദ്ധയിൽപെടുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് വീണ്ടും സ്ഥലം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.