മാസപ്പടി: വിജിലൻസ് അന്വേഷണ ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച പുനഃപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് ഗിരീഷ് ബാബുവിന്റെ ബന്ധുക്കൾ കോടതിയെ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയായതിനാൽ വാദമടക്കം നടപടികൾ ജസ്റ്റിസ് കെ. ബാബു തുടരുകയായിരുന്നു.
മുഖ്യമന്ത്രി, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഹരജിയിൽ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്കടക്കം സി.എം.ആർ.എൽ നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
ഭരണഘടന സ്ഥാനത്തിരിക്കുന്നവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇത്തരം ഹരജികൾ നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന് നിയമപരമായ മൂല്യമില്ലെന്നും സർക്കാറിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.