ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണ ശിപാർശ അട്ടിമറിച്ചു, ഉന്നതരെ രക്ഷിക്കാനെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറിയില്‍നിന്ന് രണ്ടേമുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശിപാർശ അട്ടിമറിച്ചു. അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘം ശിപാര്‍ശ സമർപ്പിച്ച് ഒരുമാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. ഇത് ധനവകുപ്പിലെ ചില ഉന്നതരെ രക്ഷിക്കാനാണെന്ന് ആക്ഷേപമുണ്ട്.
ട്രഷറി വകുപ്പിൽ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പ്രതി ട്രഷറി സീനിയർ അക്കൗണ്ടൻറ് ബിജുലാൽ തന്നെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. അതിനാൽ സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം വിജിലൻസ് അന്വേഷണം നടത്താമെന്ന ശിപാർശയും നൽകി. രണ്ട് കോടി എഴുപത്തിനാലുലക്ഷം രൂപയാണ് ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി ബിജുലാല്‍ തട്ടിയെടുത്തത്.
ബിജുവിെൻറ ഭാര്യയായ അധ്യാപികയെ രണ്ടാംപ്രതിയാക്കിയെങ്കിലും അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സോഫ്റ്റ്വെയര് പിഴവുകള്‍ കണ്ടെത്തുന്നതില്‍ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന് നഷ്ടം വരുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് അന്വേഷണസംഘം ശിപാര്‍ശ നല്‍കിയത്.
സോഫ്റ്റ്വെയറിലെ പിഴവാണ് തട്ടിപ്പിന് ഇടയാക്കിയെതന്ന് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്വെയര് നിര്‍മാണ കരാറിനെ കുറിച്ചടക്കം വിജിലന്‍സ് അന്വേഷണം വേണ്ടിവരും. ഇത് ധനവകുപ്പിലെ ഉന്നതരിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.