മോദിക്ക് ഇ.ഡി എങ്ങനെയാണോ അതുപോലെയാണ് പിണറായിക്ക് വിജിലൻസ് -മാത്യു കുഴൽനാടൻ
text_fieldsകൊച്ചി: കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് ഇ.ഡി എങ്ങനെയാണോ അതുപോലെയാണ് കേരളത്തില്‍ പിണറായി വിജയന് വിജിലന്‍സെന്ന് മാത്യു കുഴല്‍നാടന്‍ എം.എ.ല്‍എ. തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നവരെ ഇവര്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണെന്നും ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാലിലെ ഭൂമിയിടപാടില്‍ വിജിലന്‍സ് തനിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെ തളർത്താൻ കഴിയില്ലെന്ന് പിണറായി മനസിലാക്കണമെന്നും കുഴൽനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ എഫ്.ഐ.ആര്‍ കണ്ടിട്ടില്ല. മാത്യു കുഴല്‍നാടന്‍ അഴിമതിക്കാരനാണെന്നും പിണറായി സംശുദ്ധനാണെന്നും പ്രചരിപ്പിക്കാനാണ് എഫ്.ഐ.ആര്‍. ഈ ഭൂമിയില്‍ ക്രമക്കേടുണ്ടോ എന്ന് അറിയില്ല. വാങ്ങുന്ന സമയത്ത് രേഖകളില്‍ ക്രമക്കേടൊന്നും കണ്ടിരുന്നില്ല’ -കുഴല്‍നാടന്‍ പറഞ്ഞു.
ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കുഴല്‍നാടനെതിരെയുള്ള വിജിലൻസ് ആരോപണം. സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഉടുമ്പുഞ്ചോല താലൂക്കിലെ ചിന്നകനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നിര്‍മിച്ചെന്നാണ് പരാതി.
മാസപ്പടി കേസ് ഉയര്‍ത്തിയതിന്റെ പേരില്‍ വേട്ടയാടാന്‍ ശ്രമിച്ചാല്‍ മുന്നോട്ടുതന്നെ പോകുമെന്നും കഴിഞ്ഞ ദിവസം വന്ന വിധിയോടെ ഈ കേസ് അവസാനിച്ചു എന്ന് സി.പി.എം കരുതേണ്ടെന്നും എം.എൽ.എ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. കെ.പി.സി.സി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും സംസാരിച്ച ശേഷമാണ് താന്‍ നിയമനടപടിയിലേക്ക് കടന്നതെന്നും പാര്‍ട്ടിയില്‍നിന്നു തനിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.