മലപ്പുറം എസ്.പി ഓഫിസിലെ മരം മുറിച്ചു കടത്തൽ: എസ്.പി സുജിത് ദാസിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം
text_fieldsതിരുവനന്തപുരം: മലപ്പുറം എസ്.പി ഓഫിസിലെ മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ എസ്.പി സുജിത് ദാസിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റഗേഷൻ യൂനിറ്റ് 1 ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
അതേസമയം, അഴിമതി ആരോപണത്തിൽ സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പരാതിക്കാരനും നിലമ്പൂർ നഗരസഭ കൗൺസിലറുമായ ഇസ്മായിൽ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് മുതൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അനധികൃത കെട്ടിട നിർമാണം വരെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്മായിൽ പരാതി നൽകിയത്.
കോട്ടക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സർക്കാറിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചതിൽ വൻ അഴിമതിയുണ്ടെന്നാണ് വിജിലൻസ് ഡയക്ടർക്ക് നൽകിയ പരാതി. സുജിത് ദാസ് എസ്.പിയായിരിക്കെ എസ്.പിയുടെ ക്യാമ്പ് ഓഫിസിൽ ക്രിക്കറ്റ് നെറ്റ് നിർമിച്ചു, സുജിത് ദാസിന്റെ വീട്ടുകാർ സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നിരന്തരം ഉപയോഗിച്ചു, സുജിത് ദാസിന്റെ ഭാര്യ പ്രസവം കഴിഞ്ഞ് പോകുമ്പോൾ തേഞ്ഞിപ്പലം മുതൽ വളാഞ്ചേരി വരെ ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ ചുമതലപ്പെടുത്തി, സുജിത് ദാസ് എം.എസ്.പി കമാൻഡന്റായ കാലത്ത് പണം വാങ്ങി എം.എസ്.പി സ്കൂളിൽ നിയമനം നടത്തി എന്നിങ്ങനെ ആരോപണങ്ങളും പരാതിയിൽ ഉണ്ടായിരുന്നു.
എന്നാൽ, ഗുരുതര പരാതികളിൽ എസ്.പിക്കെതിരെ അന്വേഷണം നടത്തിയത് ഡിവൈ.എസ്.പിയാണെന്നും ഇത് സുജിത് ദാസിനെ രക്ഷപ്പെടുത്താനാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. പരാതികൾ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇസ്മായിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.