ജയിൽഭൂമി പതിച്ചുനൽകൽ; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം. ആഭ്യന്തരമന്ത്രിയായിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിെൻറ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചുനൽകിയതിനെകുറിച്ചാണ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി കെ.ഇ. ബൈജുവിനാണ് അന്വേഷണചുമതല. അഡ്വ. അനൂപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.
അൺ എയ്ഡഡ് സ്കൂളിനുവേണ്ടി ചിന്താലയ ആശ്രമ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് ചട്ടം ലംഘിച്ച് ജയിൽ ഭൂമി പതിച്ചുനൽകിയെന്നാണ് പരാതി. ജയിൽ ഡി.ജി.പിയുടെയും റവന്യൂ, ധനവകുപ്പുകളുടെയും എതിർപ്പ് അവഗണിച്ച് 2015 ജൂലൈ 21ന് ചേർന്ന മന്ത്രിസഭായോഗം 30 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രത്യേക താൽപര്യെമടുത്താണ് ഭൂമി നൽകിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.
ശബരിമല, ബ്രൂവറി വിഷയങ്ങളിൽ സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതിൽ മുൻനിരയിലുള്ള രമേശ് ചെന്നിത്തലക്കെതിരെ ഉപയോഗിക്കാവുന്ന ആയുധമായി പരാതി മാറുകയാണ്. പ്രാഥമിക അന്വേഷണം നടത്തി വേഗം റിപ്പോർട്ട് നൽകാനാണ് വിജിലൻസിനോട് നിർദേശിച്ചിട്ടുള്ളത്. അതിെൻറ അടിസ്ഥാനത്തിൽ നവംബർ 10ന് ഹാജരായി തെളിവ് നൽകാൻ പരാതിക്കാരന് വിജിലൻസ് നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.