കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. ഇതുസംബന്ധിച്ച് സഹകരണവകുപ്പ് നൽകിയ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. ആദ്യഘട്ടമായി വിജിലൻസ് ത്വരിതപരിശോധന നടത്തും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്നും സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ബാങ്കിൽ 2011 മുതലുള്ള ക്രമക്കേടുകൾ അന്വേഷിക്കാനും ഉത്തരവായി. 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിലാണ് മുൻകാല തട്ടിപ്പുകൂടി അന്വേഷിക്കുെമന്ന് പറയുന്നത്. 2011 മുതൽ ഭരണനിർവഹണത്തിലും ഒാഡിറ്റ് നിർവഹണത്തിലും വീഴ്ച വന്നതായി അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇൗ കാലഘട്ടത്തിലെ ഇടപാടുകൾകൂടി അന്വേഷിക്കുന്നത്.
സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കേരള സർവിസ് ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. 2014-15 വർഷത്തെ ഒാഡിറ്റ് മുതലാണ് ക്രമക്കേടുകൾ വകുപ്പിെൻറ ശ്രദ്ധയിൽപെട്ടതായി സമിതി റിപ്പോർട്ട് ചെയ്തത്. 2014 -15 മുതൽ ഒാഡിറ്റ്, ജനറൽ വിഭാഗങ്ങളിൽ ജോലി ചെയ്തുവന്ന, ഒാഡിറ്റ് റിപ്പോർട്ടുകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിലും നിയമപ്രകാരമുള്ള പരിശോധന നടത്തി ക്രമക്കേട് റിപ്പോർട്ട് ചെയ്യുന്നതിലും വീഴ്ചവരുത്തിയ 2014 മുതൽ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
കരുവന്നൂർ സഹകരണബാങ്ക് തൃശൂർ ജോയൻറ് രജിസ്ട്രാറുടെ നിയന്ത്രണത്തിലാണെന്ന് കണ്ടാണ് ജോയൻറ് രജിസ്ട്രാർക്ക് ഉൾപ്പെടെ നടപടി നേരിടേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.