വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിലും വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കരാർ സംബന്ധിച്ച് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനം. തുറമുഖ നിർമാണത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് സി.എസ്. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിെൻറയും സി.എ.ജി റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. കരാറിലൂടെ സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായോ, ആരെങ്കിലും വ്യക്തിഗത നേട്ടമുണ്ടാക്കിയോ എന്നീ കാര്യങ്ങളാവും പ്രധാനമായും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. അന്വേഷണത്തിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷത്തെയും സമ്മർദത്തിലാക്കാമെന്ന ലക്ഷ്യവും സർക്കാറിനുണ്ട്.
യു.ഡി.എഫ് സർക്കാർ അദാനിയുമായി ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലായിരുന്നു സി.എ.ജിയുടേത്. തുടർന്നാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. ആസ്തി പണയം വെക്കാൻ അദാനി ഗ്രൂപ്പിനെ അനുവദിക്കൽ, ടെർമിനേഷൻ പേമൻറ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്തശേഷം പദ്ധതിയിൽ സുപ്രധാന മാറ്റംവരുത്തൽ എന്നിവ സംസ്ഥാന താൽപര്യത്തിന് എതിരാണെന്നായിരുന്നു കമീഷെൻറ കണ്ടെത്തൽ. കരാർ കാലാവധി കഴിയുമ്പോൾ അദാനിക്ക് പോർട്ട് എസ്റ്റേറ്റ് വികസനത്തിെൻറ ഉപകരാറും അവകാശവും ലഭിക്കുമെന്നും കമീഷൻ കണ്ടെത്തി.
കരാറിൽ പദ്ധതി ആസ്തികൾ പണയം വെക്കാൻ അദാനിയെ അനുവദിക്കുന്ന വ്യവസ്ഥ ക്രമവിരുദ്ധമാണെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തൽ. പദ്ധതിക്കായി സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് പണയം വെക്കാൻ ഇടനൽകും. ഇത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് കമീഷനും കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘത്തെ ചുമതലപ്പെടുത്തും. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.