ബി.ജെ.പി കോഴ: വിജിലൻസ് അന്വേഷണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: രൂക്ഷമായ വിഭാഗീയതക്ക് പുറമേ അഴിമതിക്കഥകൾ കൂടി പൂരപ്പാട്ടായതോടെ മറുപടി പറയാൻ പോലുമാകാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. മെഡിക്കൽ കോളജ് അഴിമതിയിൽ സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ടി നടത്തിയ നീക്കം വിജയം കണ്ടില്ല. സംസ്ഥാന വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ വിഷയം പാർട്ടി തലത്തിൽ ഒതുക്കിയെടുക്കാനും കഴിയാത്ത സ്ഥിതി വന്നു. വിജിലൻസ് അന്വേഷണം ആരംഭിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പാർട്ടി അന്വേഷണ റിപ്പോർട്ട് ഇതിനകം പൊലീസിനും ലഭിച്ചിട്ടുണ്ട്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ട് എസ്.പി കെ. ജയകുമാറിനാണ് അന്വേഷണ ചുമതല.
റിപ്പോർട്ട് പുറത്തായതിെൻറ വഴികളെക്കുറിച്ചും പാർട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ സമിതിയിലെ ഒരംഗത്തിനെതിരെ പാർട്ടിയിലെ ചില കേന്ദ്രങ്ങൾ ആരോപണം ഉയർത്തിയിട്ടുണ്ട്. അതേസമയം, ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവും ആർ.എസ്.എസും വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. ആലപ്പുഴയിൽ നിശ്ചയിച്ചിരുന്ന കോർ കമ്മിറ്റി യോഗം മാറ്റിയെങ്കിലും ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം കോഴപ്രശ്നത്തിൽ തിളച്ചുമറിയുമെന്നാണ് സൂചന. മെഡിക്കൽ കോളജ് അഴിമതിക്ക് പുറമേ, പല ജില്ലകളിൽനിന്നും അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ട്.കൂടുതൽ ആരോപണങ്ങൾ വരും ദിവസങ്ങളിൽ പുറത്തേക്കു വരുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. സംഭവത്തെക്കുറിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു.
പാർലമെൻറിൽ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കിയതോടെ അവർക്കും നിലപാട് എടുക്കാതെ മുന്നോട്ടു പോകാനാകില്ല. ഗ്രൂപ്പുപോരിൽനിന്ന് പാർട്ടിയെ രക്ഷിക്കാനാണ് കുമ്മനം രാജശേഖരനെ അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നതെങ്കിലും ഗ്രുപ്പുകളെ നിർവീര്യമാക്കാൻ അദ്ദേഹത്തിനായില്ല. കുമ്മനവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്ന രാകേഷ് ശിവരാമൻ. പരമരഹസ്യമായാണ് മെഡിക്കൽ കോഴ ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തിയതെങ്കിലും ആ വിവരം പ്രതിസ്ഥാനത്തുള്ള ആർ.എസ്. വിനോദിന് ചോർന്നു കിട്ടിയിരുെന്നന്ന് അന്വേഷണ റിപ്പോർട്ടിൽതന്നെ പറയുന്നു. അന്വേഷണ കമീഷൻ അംഗങ്ങളെ ക്കുറിച്ചുള്ള വിവരവും പരാതിയുടെ കോപ്പിയും കിട്ടി. പാർട്ടി ഒാഫിസിൽനിന്ന് ഇത് എങ്ങനെ ചോർെന്നന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിഭാഗീയതയും കോഴവിവാദത്തിലുംപെട്ട് സംസ്ഥാന പാർട്ടി കുഴങ്ങുന്ന സാഹചര്യത്തിൽ കുമ്മനം രാജശേഖരനെ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ചില അഴിച്ചുപണികൾ വന്നേക്കുമെന്ന സൂചനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.