59 ഓഫിസുകളിൽ മിന്നൽ റെയ്ഡ്; നഗരസഭകളിൽ വ്യാപക ക്രമക്കേട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പൽ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതായും വ്യാജ നമ്പർ നൽകുന്നതായുമുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം 'ഓപറേഷൻ ട്രൂ ഹൗസ്' എന്ന പേരിൽ വെള്ളിയാഴ്ച 59 ഓഫിസുകളിൽ പരിശോധന നടന്നത്.
രാവിലെ 11ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. വ്യാപക ക്രമക്കേടുകളാണ് പലയിടങ്ങളിലും കണ്ടെത്തിയത്. വിജിലൻസ് പൊലീസ് ഇൻസ്പെക്ടർ എച്ച്. വെങ്കിടേഷ്, പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
കണ്ണൂരിൽ കെട്ടിട നമ്പർ തിരിമറിയിലൂടെ വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. കണ്ണൂർ കോർപറേഷൻ, പാനൂർ, തലശ്ശേരി, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തിലാണ് വെട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വിഭാഗത്തിൽനിന്ന് വിവരം ലഭിച്ചു. സർക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏതു തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭയിൽ അഞ്ച് കെട്ടിട സമുച്ചയങ്ങളിൽ കൃത്രിമം നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 30ലേറെ കെട്ടിടങ്ങളുടെ രേഖകൾ പരിശോധിച്ചതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. പാർക്കിങ് ഏരിയ ഇല്ലാതെ ഒരു കെട്ടിട സമുച്ചയം പണിതതായി കണ്ടെത്തി. കാസർകോട് നഗരസഭയിൽ തായലങ്ങാടിയിലെ ആറു നില ഫ്ലാറ്റിൽ കെട്ടിട നമ്പർ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 23 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
കോഴിക്കോട് നിർമാണം കഴിഞ്ഞ് നമ്പർ കൊടുത്ത ശേഷം കെട്ടിടങ്ങളിൽ വീണ്ടും പെർമിറ്റില്ലാതെ നിർമാണം നടക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടാലും ഇതിനെതിരെ നടപടിയെടുക്കുന്നില്ല. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഇത്തരം നിർമാണം നടന്നതായും കണ്ടെത്തി. പെർമിറ്റിന് വിരുദ്ധമായി പണിത കെട്ടിടങ്ങൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും പരിശോധിച്ചു. നേരത്തേ കിട്ടിയ പരാതിയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂനിറ്റ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണവും തുടരുകയാണ്. എറണാകുളം ജില്ലയിൽ കൊച്ചി കോർപറേഷൻ, മരട്, തൃപ്പൂണിത്തുറ നഗരസഭകളിലും ഇടുക്കിയിൽ കട്ടപ്പന, തൊടുപുഴ നഗരസഭകളിലും അടിമാലി പഞ്ചായത്തിലും കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയിലും വിജിലൻസ് റെയ്ഡ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.