വഴിക്കടവ് മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്; 13,000 രൂപ പിടികൂടി
text_fieldsനിലമ്പൂർ: കേരള അതിർത്തിയായ വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ മലപ്പുറം വിജിലൻസ് ടീം നടത്തിയ മിന്നൽ പരിശോധനയിൽ ഓഫിസ് മുറിയിൽ സൂക്ഷിച്ച 13,000 രൂപ പിടികൂടി. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇൻസ്പെക്ടർ ജ‍്യോതീന്ദ്ര കുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലർച്ച രണ്ടര വരെ നീണ്ടു. ചെക്ക്പോസ്റ്റിൽ വാഹന ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന് ലഭിച്ച വിവരത്തെ തുടർന്നാണ് അവധി ദിവസത്തിലും പരിശോധന നടന്നത്.
പരിശോധന നടക്കുമ്പോൾ ഒരു അസി. മോട്ടോർ വാഹന ഇൻസ്പെക്ടറും ഒരു ഓഫിസ് അസിസ്റ്റന്റുമാണ് ഓഫിസിൽ ഉണ്ടായിരുന്നത്. അസി. ഇൻസ്പെക്ടർ തന്‍റെ കൈവശം 4400 രൂപയുണ്ടെന്നായിരുന്നെന്നാണ് ഡിക്ലറേഷൻ ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇയാളുടെ കൈവശം 2300 രൂപയാണുണ്ടായിരുന്നത്.
ഓഫിസ് അസിസ്റ്റന്‍റ് 1900 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ കൈവശം ആയിരത്തിൽ താഴെ രൂപയാണുണ്ടായിരുന്നത്. കൈവശമുള്ളതിലുമധികം തുക എഴുതിവെച്ച് കൈക്കൂലിത്തുക മറച്ചുവെക്കാനുള്ള നീക്കമാണിതെന്നാണ് വിജിലൻസ് വിലയിരുത്തൽ.
ചെക്ക്പോസ്റ്റിലെത്തിയ ചരക്കുവാഹനങ്ങളിൽനിന്ന് പരിശോധന സമയത്തും വിജിലൻസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിത്തുക ലഭിച്ചത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. പരിശോധനയറിയാതെ എത്തിയ ഡ്രൈവർമാരാണ് രേഖകൾക്കൊപ്പം ഉദ്യോഗസ്ഥർക്ക് 100, 200 കണക്കിൽ തുക നൽകിയത്.
പണം എന്തിനാണെന്ന് ചോദിച്ചപ്പോൾ പതിവായി നൽകുന്നതാണെന്നായിരുന്നു മറുപടി. ഇത്തരത്തിൽ 1360 രൂപ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചു. കൂടാതെ പഴങ്ങളും മറ്റു ചരക്ക് വസ്തുക്കളും ലഭിച്ചു. ഉദ്യോഗസ്ഥർ പകർത്തിയ വിഡിയോയിൽ പണം നൽകുന്നതുൾപ്പെടെയുള്ള ദൃശ‍്യങ്ങളുണ്ട്.
ചെക്ക്പോസ്റ്റിൽ ലഭിക്കുന്ന അഴിമതിപ്പണം അപ്പോൾതന്നെ ശേഖരിക്കാൻ പുറമെയുള്ള ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. സമീപത്തെ വേ ബ്രിഡ്ജ് നടത്തിപ്പുകാരനും ചെക്ക്പോസ്റ്റിന് സമീപത്തെ ഓൺലൈൻ സെന്‍ററും നിരീക്ഷണത്തിലാണ്.
ജനുവരിയിൽ ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിൽ മോട്ടോർവാഹന ഇൻസ്പെക്ടറിൽനിന്ന് പിടികൂടിയ കണക്കിൽപ്പെടാത്ത പണം അന്നത്തെ മൊഴിക്ക് വിരുദ്ധമായി പിന്നീട് ചെക്ക്പോസ്റ്റിലെ രേഖകളിൽ കൃത്രിമം കാണിച്ച് എഴുതിച്ചേർക്കാൻ ശ്രമം നടത്തിയതായും ഇന്നലെ കണ്ടെത്തി. ഡ‍്യൂട്ടിയിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ഉൾപ്പെടെയുള്ള റിപ്പോർട്ട് പരിശോധന സംഘം വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
ഗസറ്റഡ് ഓഫിസർ അബ്ദുസ്സലാം, വിജിലൻസ് എ.എസ്.ഐമാരായ ടി.ടി. ഹനീഫ, വി.പി. ഷിഹാബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. പ്രജിത്, സിവിൽ പൊലീസ് ഓഫിസർ സുബിൻ എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.