സംസ്ഥാനത്തൊട്ടാകെ വിജിലൻസ് മിന്നൽ പരിശോധന; കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ മോശം പയറും പരിപ്പും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത പയറും പരിപ്പും വിറ്റഴിക്കുന്നതായി കണ്ടെത്തി. പയർവർഗങ്ങളുടെ ഗുണനിലവാരം കുറവാണെന്ന പരാതിയെതുടർന്നായിരുന്നു മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിെൻറ നിർദേശത്തെതുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാമ്പിൾ ശേഖരിച്ചത്.
പാലക്കാട് നൂറണി കൺസ്യൂമർഫെഡ് ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ 68 ചാക്ക് തുവരപ്പരിപ്പും 22 ചാക്ക് വൻപയറും ഒരു ചാക്ക് ചെറുപയറും കണ്ടെത്തി. കോഴിക്കോട് തടമ്പാറ്റ് താഴം, വയനാട് മീനങ്ങാടി, വടകര, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ഗോഡൗണുകളിലെ മുഴുവൻ വൻപയറും ഗുണനിലവാരം ഇല്ലാത്തവയായിരുന്നു. കാസർകോട് മതിയാനി ഗോഡൗണിൽ ഗുണനിലവാരം കുറഞ്ഞ 2475 കിലോഗ്രാം വൻപയർ കഴിഞ്ഞമാസം വിതരണം ചെയ്തു.
കോട്ടയം ജില്ലയിലെ പുത്തനങ്ങാടി ഗോഡൗണിൽ കണക്കിൽപെടാത്ത 750 കിലോഗ്രാം വൻപയറും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഗോഡൗണിൽ കണക്കിൽപെടാത്ത 130 കിലോഗ്രാം വൻപയറും വിജിലൻസ് കണ്ടെത്തി. മിക്ക ഗോഡൗണിലും ഔട്ട്ലെറ്റുകളിലും സ്റ്റോക് രജിസ്റ്റർ കൃത്യമായിരുന്നില്ല. തിരുവനന്തപുരത്തെ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ കൃത്യമായി രേഖകൾ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. പരിശോധന നടത്തിയ ഗോഡൗണുകളിൽനിന്നും ഔട്ട്ലെറ്റുകളിൽനിന്നും സാമ്പിൾ ശേഖരിച്ചതായും മേൽനടപടിക്ക് സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.