മിന്നൽ പരിശോധന: വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ല വിദ്യാഭ്യാസ ഓഫിസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഓരോ അധ്യയനവർഷവും അധികമായി വരുന്ന ഡിവിഷനുകൾക്ക് ആനുപാതികമായി ജീവനക്കാരെ അനുവദിക്കുന്നതിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിക്കുന്ന അപേക്ഷകൾ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലിക്കായി നടപടിയെടുക്കാതെ താമസിപ്പിച്ചതായി കണ്ടെത്തി.
ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ എയ്ഡഡ് അധ്യാപക-അനധ്യാപക നിയമനവുമായും മറ്റു ആവശ്യങ്ങളുമായും ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ സമർപ്പിച്ച 4,699 അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കിയില്ല. ജില്ല വിദ്യാഭ്യാസ ഓഫിസർ, ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി.എ, ജൂനിയർ സൂപ്രണ്ട് തുടങ്ങി വിവിധ സെക്ഷനുകളിലാണ് ഫയലുകൾ നടപടികൾ സ്വീകരിക്കാതെ പൂഴ്ത്തിവെച്ചതെന്ന് വിജിലൻസ് അറിയിച്ചു.
വിജിലൻസ് ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച രാവിലെ 11 ഓടെ ‘ഓപറേഷൻ ജ്യോതി- 2’ എന്ന പേരിൽ ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചയോടെയാണ് അവസാനിച്ചത്. 41 ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ബി-1 മുതൽ ബി-6 വരെ സെക്ഷനുകളാണ് പ്രധാനമായും പരിശോധിച്ചത്.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എൽ.പി, യു.പി വിഭാഗത്തിൽ 2020, 2021, 2022 വർഷങ്ങളിൽ ആകെ 2,577 ഫയലുകളിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. കോതമംഗലം ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിൽ വരുന്ന ഒരു എയ്ഡഡ് സ്കൂളിലെ അപ്പർ പ്രൈമറി ക്ലാസുകളിലേക്ക് 2019ൽ നടത്തിയ മൂന്ന് അനധികൃത അധ്യാപക നിയമനം ക്രമവത്കരിച്ച് നൽകുന്നതിന് സമർപ്പിച്ച അപേക്ഷ ജില്ല വിദ്യാഭ്യാസ ഓഫിസർ നിരസിച്ചിട്ടും ഈ അധ്യാപകർ ശമ്പളമില്ലാതെ സ്കൂളിൽ പ്രവൃത്തിയെടുത്ത് വരുന്നതായി പരിശോധനയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫിസിനു കീഴിലെ ചില എയ്ഡഡ് സ്കൂളുകളിലും അധ്യാപകർ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. അംഗീകാരവും ശമ്പളവുമില്ലാതെ ജോലി ചെയ്യുന്നത് പിന്നീട് സർക്കാറിൽനിന്ന് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടിയാണെന്ന് വിജിലൻസ് അറിയിച്ചു
മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിൽ 48, മണ്ണാർക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസിനു കീഴിൽ 35, ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിൽ 34, പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിൽ 25 അധ്യാപക തസ്തികകൾ ക്രമരഹിതമായി അംഗീകരിച്ച് നൽകിയതായും വിജിലൻസ് കണ്ടെത്തി.
മറ്റ് കണ്ടെത്തലുകൾ
- അധ്യാപക /അനധ്യാപകരുടെ പി.എഫ്, വാർഷിക ഇൻക്രിമെന്റ്, ഇൻക്രിമെന്റ് അരിയർ, ഡി.എ അരിയർ, ലീവ് സെറ്റിൽമെന്റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാതെ മാസങ്ങളോളം ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ സെക്ഷനുകളിൽ വെച്ചുതാമസിപ്പിക്കുന്നു
- പല ബില്ലുകളും മാസങ്ങൾ കഴിഞ്ഞാണ് പാസാക്കുന്നത്
- ഭിന്നശേഷിക്കാർക്കുള്ള നിയമനത്തിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് സമന്വയ സോഫ്റ്റ്വെയർ വഴി വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്ന സർക്കാർ നിർദേശം ഉണ്ടായിട്ടും പല എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും അതിൽ വീഴ്ചവരുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.