പിടികൂടിയ പണം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലൻസ്
text_fieldsകോഴിക്കോട്: മുൻ എം.എൽ.എ കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ ഹരജിയിൽ വിജിലൻസ് പ്രത്യേക ജഡ്ജി ടി. മധുസൂദനൻ വാദംകേട്ടു. കേസ് കൂടുതൽ വാദംകേൾക്കാനായി 27ലേക്കു മാറ്റി.
ഷാജിയുടെ ഹരജിയിൽ വിജിലൻസ് സ്പെഷൽ സെൽ നൽകിയ എതിർസത്യവാങ്മൂലത്തിന്മേലാണ് ചൊവ്വാഴ്ച വാദംകേട്ടത്. പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാൽ, ഷാജി തെരഞ്ഞെടുപ്പ് കമീഷനിൽ കാണിച്ചത് ചെറിയ തുകയാണെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ഷൈലജൻ വാദിച്ചു. പിടികൂടിയ തുക അതിന്‍റെ പരിധിയിൽപെടില്ല. തെരഞ്ഞെടുപ്പ് കമീഷൻ രേഖകൾപ്രകാരം ആറു ലക്ഷത്തിലേറെ രൂപ മാത്രമേ ഷാജി ചെലവഴിച്ചതായി കാണിക്കുന്നുള്ളൂ. പിടികൂടിയ അത്രയും പണം കണക്കിൽതന്നെ വരുന്നില്ല.
പണം കണ്ടെടുത്ത സ്ഥലം അദ്ദേഹത്തിന്‍റെ തെരഞ്ഞടുപ്പ് ഓഫിസാണെന്ന് ഷാജിയുടെ അഭിഭാഷകൻ എം. ഷഹീർ സിങ് വാദിച്ചു. തെരഞ്ഞെടുപ്പ് കമീഷന് കൃത്യമായ കണക്ക് നൽകിയിട്ടുണ്ട്. രസീത് പ്രകാരമുള്ള പണമാണ് പിടികൂടിയത്. അധികം വന്ന തുകക്ക് ആദായ നികുതി അടച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, പണം കണ്ടെടുത്ത സ്ഥലം വീടാണെന്നും തെരഞ്ഞെടുപ്പ് ഓഫിസും എം.എൽ.എ ഓഫിസും വേറെയുണ്ടെന്നും പ്രോസിക്യൂക്ഷൻ വാദിച്ചു. ഷാജിക്ക് പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ടു. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണത്തിന് രേഖകളില്ലെന്നും ആരോപിച്ചു. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്നാണ് അഴീക്കോട്ടെ വീട്ടിൽ പരിശോധന നടത്തി പണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.