സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ
text_fieldsതിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ നിന്നും മിന്നൽ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ. എറണാകുളം- എട്ട്, തിരുവനന്തപുരം- ആറ്, കോട്ടയം, കോഴിക്കോട്- അഞ്ച് വീതവും, കൊല്ലം, ആലപ്പുഴ, മലപ്പുറം- നാല് വീതവും, ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട്- മൂന്ന് വീതവും, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് - രണ്ട് വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയില്‍ ആലപ്പുഴ മാവേലിക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഓഫീസ് കഴിയാറായ സമയം എത്തിയ ആധാരം എഴുത്താഫീസ് സ്റ്റാഫിന്റെ പക്കൽ നിന്നും 47,250 രൂപയും, കാസർഗോഡ് മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് ആധാരം എഴുത്തുകാരുടെ കൈവശത്തുനിന്നും 18,000 രൂപയും, കോഴിക്കോട് കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസിൽ ഏജന്റിന്റെ പക്കൽ നിന്നും 16,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
കോട്ടയം കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ സ്റ്റാഫുകളുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 17,040 രൂപയും, കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും കണക്കിൽ പെടാത്ത 6,200 രൂപയും, കോഴിക്കോട് കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും കണക്കില്‍പെടാത്ത 11,00 രൂപയും, ചാലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും 15,00 രൂപയും പിടിച്ചെടുത്തു.
മലപ്പുറം എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും 1,870 രൂപയും, തിരുവനന്തപുരം പൂവാർ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും 1,150 രൂപയും, പാലക്കാട് ഒലവക്കോട് സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 400 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
മലപ്പുറം ഇടപ്പാൾ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 700 രൂപയും തിരൂർ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നും 500 രൂപയും, ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 2800 രൂപയും, കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 2,220 രൂപയും, പന്തളം സബ്രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 1,300 രൂപയും, അടൂർ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 5,150 രൂപയും വിജിലന്‍സ് ലഭിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റൻഡറുടെ അക്കൗണ്ടിലെ ഏതാനും ആഴ്ചകളിലെ ബാങ്ക് ഇടപാടുകൾ വിജിലന്‍സ് പരിശോധിച്ചപ്പോൾ ഏകദേശം 15,000 രൂപയോളവും, സീനിയർ ക്ലർക്കിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 10,000 രൂപയോളവും നെയ്യാറ്റിന്‍കരയിലെ വിവിധ ആധാരമെഴുത്തുകാരുടെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ ആയി ലഭിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഒരു ഫയലില്‍ ഫീസായി സര്‍ക്കാരിലേക്ക് അടക്കേണ്ട 6,296 രൂപക്ക് പകരം വെറും 610 രൂപ മാത്രം ഈടാക്കിയതായും വിജിലൻസ് കണ്ടെത്തി.
ചില സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥർ ഓരോ ദിവസവും ജോലിയിൽ പ്രവേശിക്കുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട പേഴ്സണൽ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ യഥാർഥത്തിൽ കൈവശമുള്ള തുകയും, അന്നേദിവസം കൈക്കൂലി ലഭിക്കാന്‍ സാധ്യതയുള്ള തുകയും കൂട്ടിച്ചേർത്ത് കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ എഴുതുന്നതായും വിജിലന്‍സ് കണ്ടെത്തി. തൃശൂർ പഴയന്നൂര്‍ സബ് രജിസ്ര്ടാര്‍ 6,500 രൂപ രേഖപ്പെടുത്തിയിരിക്കുന്നതായും, എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ 1,500 രൂപ മാത്രം ഉണ്ടായിരുന്നതായും, കോട്ടയം പുതുപ്പള്ളി സബ് രജിസ്ര്ടാര്‍ ഓഫീസിലെ ഒരു ഓഫീസ് അറ്റൻഡര്‍ സ്ഥിരമായി 7,000 രൂപ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി.
ആധാരം രജിസ്റ്റർ ചെയ്ത് ഏഴുദിവസത്തിനുള്ളിൽ കക്ഷികൾക്ക് നേരിട്ട് നൽകുന്നതിന് പകരം ഒട്ടുമിക്ക സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കക്ഷികളുടെ സമ്മതപത്രം പോലുമില്ലാതെ, ഏജന്റുമാര്‍ തന്നെ രജിസ്റ്റർ ചെയ്ത ആധാരങ്ങളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിക്കൊണ്ട് പോകുന്നതായി കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി സാക്ഷികളായി സ്ഥിരമായി ആധാരമെഴുത്താഫിസുകളിലെ ഒരേ സ്റ്റാഫുകൾ സ്ഥിരം സാക്ഷികളാകുന്നതായും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
ആധാരത്തോടൊപ്പം ആധാരമെഴുത്തുകാര്‍ കക്ഷികളില്‍നിന്നും വാങ്ങുന്ന ഫീസ് രസീതുകള്‍ ആധാരത്തോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന പല ഓഫീസുകളിലും സബ് രജിസ്ട്രാര്‍മാര്‍ പാലിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. വ്യാഴാഴ്ച സംസ്ഥാനമൊട്ടാകെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ പരിശോധന നടത്തി ഒന്നരലക്ഷത്തോളം രൂപ പിടിച്ചെടുതിരുന്നു. വെള്ളിയാഴ്ച 54 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി.
മിന്നൽ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സർക്കാരിന് ലഭിക്കേണ്ട ഫീസിനത്തിലും മറ്റും സബ് രജിസ്ട്രാര്‍മാര്‍ കൂടുതല്‍ ഇളവുകള്‍ അനുവധിച്ചിട്ടുണ്ടെങ്ങില്‍ അവയെപ്പറ്റിയും, ഗൂഗിൾ പേ ആയിട്ടും മറ്റ് ഓൺലൈൻ മുഖേനയും ഏജന്റ്മാർ ഉധ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൈമാറിയിട്ടുണ്ടോ എന്നും, വരും ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുന്നതാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.