വയൽ നികത്തി റോഡ്: തോമസ് ചാണ്ടിക്കെതിരെ േകസെടുക്കാമെന്ന് വിജിലൻസ്
text_fieldsകോട്ടയം: വയൽ നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിക്കെതിരെ േകസെടുക്കാമെന്ന് വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ട്.കോട്ടയം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘം വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞദിവസം റിപ്പോർട്ട് വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറിയിരുന്നു.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് അഴിമതിയും അധികാരദുർവിനിയോഗവും നടത്തിയെന്നുകാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് എം. തീക്കാടൻ നൽകിയിരുന്ന പരാതിയിൽ നവംബർ നാലിനാണ് കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് സംഘം ആദ്യം അന്വേഷിച്ച് തയാറാക്കിയ റിപ്പോർട്ട്, വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ മടക്കിയിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞ 19ന് കേസ് പരിഗണിച്ചപ്പോൾ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.ഇതോടെ ത്വരിതാന്വേഷണം 15ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി അന്വേഷണസംഘത്തിന് നിർദേശം നൽകി. എന്നാൽ, കേസിലുൾപ്പെട്ട ചില ആളുകളുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് കോടതിയെ അറിയിച്ച് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം തേടി.
തോമസ് ചാണ്ടി വിദേശത്തായതിനാലും പരാതിയിൽ ആരോപണ വിധേയരായ മുൻ കലക്ടർമാർ ഔദ്യോഗിക ആവശ്യത്തിന് സംസ്ഥാനത്തിന് പുറത്തുപോയതിനാലും മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, രണ്ടാഴ്ചമാത്രം അനുവദിച്ച കോടതി റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനും നിർദേശിച്ചു. സമയം നീട്ടിനൽകില്ലെന്ന് അന്ത്യശാസനയും നൽകി. ഇതിനെതുടർന്നാണ് വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.