വിജിലൻസിലെ പുതിയ നീക്കം സുപ്രീംകോടതി വിധി അട്ടിമറിക്കാൻ
text_fieldsകാസർകോട്: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിൽ മുൻ ഡയറക്ടർ ജേക്കബ് തോമസ് നടപ്പാക്കിയ അധികാര വികേന്ദ്രീകരണം, സർക്കുലർ വഴി സർക്കാർ അവസാനിപ്പിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തൽ. 2013 നവംബർ 12ന് സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ പി.സദാശിവം, ബി.എസ്. ചൗഹാൻ, രഞ്ജൻ പ്രകാശൻ ദേശായി, രഞ്ജൻ ഗോഗോയ്, എസ്.എ ബോബ്ദെ എന്നിവർ അംഗങ്ങളായ ബെഞ്ച് ലളിത കുമാരി-, യു.പി സർക്കാർ കേസിൽ പുറപ്പെടുവിച്ച വിധിയെ പിൻപറ്റിയാണ് വിജിലൻസിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. വിജിലൻസിന് ലഭിക്കുന്ന പരാതിയിൽ യൂനിറ്റ് ഡിവൈ.എസ്പിമാർ സ്വമേധയാ കേസെടുക്കാൻ തുടങ്ങിയത് ഇൗ വിധിയുടെ അടിസ്ഥാനത്തിലാണ്.
അതുവരെ വിജിലൻസിന് ലഭിക്കുന്ന എല്ലാ പരാതികളും ഡയറക്ടർ മുഖേന, സർക്കാറിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ കേസെടുക്കാറുള്ളൂ. സി.ആർ.പി.സി സെക്ഷൻ 154 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ കേസെടുക്കാമെന്നാണ് സുപ്രീം കോടതി നിർദേശം. ചില വിഷയങ്ങളിൽ ‘ക്വിക്ക് വെരിഫിക്കേഷൻ’ പദം കടന്നുകൂടിയത് ലളിതകുമാരി കേസിെൻറ വിധിക്കു ശേഷമാണ്. ജേക്കബ് തോമസ് വരുന്നതുവരെ സുപ്രീം കോടതി വിധി നടപ്പാക്കാൻ വിജിലൻസ് ഡയറക്ടർമാർ തയാറായിരുന്നില്ല. ഇതുസംബന്ധിച്ച് കേന്ദ്രത്തിൽ നിന്നും കത്ത് വരെ ലഭിച്ചതിനുശേഷമാണ് വിജിലൻസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നത്.
ജേക്കബ് തോമസ് ഡയറക്ടർ ആയതിനുശേഷം വിജിലൻസ് യൂനിറ്റ് തലവന്മാരായ ഡിവൈ.എസ്.പിമാരുടെ യോഗം വിളിച്ച് പരാതിയിൽ സ്വമേധയാ കേസെടുക്കാൻ നിർദേശം നൽകി. അതുവരെ പത്ത് പരാതികൾ സർക്കാറിന് ലഭിച്ചാൽ രണ്ടെണ്ണത്തിന് മാത്രം സർക്കാർ അംഗീകാരം നൽകുന്ന പതിവാണുണ്ടായിരുന്നത്. നൂറുകണക്കിന് കേസുകൾ വിജിലൻസ് അന്വേഷിക്കാൻ തുടങ്ങി. െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ വെളിച്ചം കാണാത്ത സ്ഥിതി മാറി ഉന്നത ഉദ്യോഗസ്ഥർ പ്രതികളായി. ലോക്നാഥ് െബഹ്റ വിജിലൻസ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്തതോടെ വികേന്ദ്രീകരണം റദ്ദാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത് അന്വേഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ്.
ജേക്കബ് തോമസ് നടപ്പാക്കിയത് സി.ആർ.പി.സി 154 വകുപ്പാണ്. ഇതിനെ ഇപ്പോൾ എക്സിക്യൂട്ടിവ് നിർദേശത്തിലൂടെ സർക്കാർ തടഞ്ഞിരിക്കുകയാണ്. ഇതിനെ ‘അൾട്ര വൈറസ്’എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമത്തെ നിയമംകൊണ്ട് മാത്രമേ തടയാനാകൂവെന്നിരിക്കെ ഇപ്പോഴെടുത്ത തീരുമാനം കോടതി വിധിയുടെ ലംഘനമാണ്.
വിധിയെ പ്രത്യക്ഷത്തിൽ മറികടക്കാൻ അഴിമതിക്കേസുകളിലെ പരാതികളിൽ കേസെടുക്കുന്നത് വൈകിപ്പിക്കാനും അതുവഴി പരാതികളുടെ എണ്ണം കുറക്കാനും സർക്കാറിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.