റോഡ് നിർമാണത്തിൽ കള്ളക്കളി നടത്തിയവരെ വിടാതെ വിജിലൻസ്
text_fieldsതിരുവനന്തപുരം: റോഡ് നിര്‍മാണത്തിൽ കള്ളക്കളിനടത്തിയവരെ വിടാതെ വിജിലൻസ്. ക്രമക്കേട് കണ്ടെത്തിയ സംഭവങ്ങളിൽ കരാറുകാർക്കും എൻജിനീയർമാർക്കുമെതിരെ വിജിലൻസ് കേസെടുത്ത് തുടങ്ങി. റോഡുകളിലെ നിർമാണ ക്രമക്കേടുകൾ കണ്ടെത്താൻ നടത്തിയ 'ഓപറേഷൻ സരൾ രാസ്ത'മിന്നൽ പരിശോധനയുടെ ഭാഗമായാണ് വിജിലൻസിന്റെ തുടർനടപടി. ശാസ്ത്രീയ പരിശോധന റിപ്പോർട്ടിന്റെ ഉൾപ്പെടെ പിൻബലത്തോടെയാണ് വിജിലൻസ് നടപടികൾ പുരോഗമിക്കുന്നത്.
വിജിലൻസിന്റെ മൂന്ന് റേഞ്ചുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. 14 നിർമാണ പ്രവൃത്തികൾക്കെതിരെ പ്രാഥമിക അന്വേഷണവും ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയ റോഡുകളുടെ നിര്‍മാണം നടത്തിയ കരാറുകാര്‍ക്കും മേൽനോട്ട ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന ശിപാർശയും വിജിലൻസ് സമർപ്പിച്ചിട്ടുണ്ട്.
റോഡുകളിലെ പരിശോധന തുടരുകയാണെന്നും കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. നിർമാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ തകർന്ന റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പരിശോധനയിൽ വ്യക്തമായത്. ഗുണനിലവാരമില്ലാത്ത റോഡുപണി നേരിട്ട് പരിശോധിച്ചാണ് വിജിലൻസ് ഇതു കണ്ടെത്തിയത്. മൂന്നു ഘട്ടങ്ങളായാണ് 'ഓപറേഷൻ സരൾ രാസ്ത'വിജിലൻസ് നടപ്പാക്കിയത്. പരിശോധനകൾക്ക് മുന്നോടിയായി 84 പി.ഡബ്ല്യു.ഡി റോഡുകളുടെയും 23 തദ്ദേശ വകുപ്പിന്റേതുൾപ്പെടെ 107 റോഡുകളുടെയും സാമ്പ്ൾ ശേഖരിച്ചിരുന്നു. പരിശോധന നടത്തിയ 148 റോഡുകളിൽ 67 എണ്ണത്തിന് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം കേടുപാടുണ്ടായതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.