സുധാകരന്റെ വീട്ടിൽ നോട്ടമിട്ട് വിജിലൻസ്
text_fieldsകണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ വീടിന്റെ വലുപ്പത്തിൽ നോട്ടമിട്ട് വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതി ശരിവെക്കുന്നതാണ് വീടിന്റെ വലുപ്പമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വീടും ആസ്തിയും സംബന്ധിച്ച പ്രാഥമിക കണക്കുകൾ വിജിലൻസ് സംഘം ഇതിനകം ശേഖരിച്ചു. താമസിയാതെ അന്വേഷണസംഘം വീട് ഉൾപ്പടെയുള്ളവ പരിശോധിക്കാൻ എത്തുമെന്നാണ് സൂചന.
സുധാകരന്റെ നേതൃത്വത്തിലുള്ള കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ കണ്ണൂർ ചിറയ്ക്കൽ രാജാസ് സ്കൂളും ഏഴരയേക്കർ ഭൂമിയും ഏറ്റെടുത്ത് എജുപാർക്ക് തുടങ്ങാൻ പിരിച്ച 16 കോടി വെട്ടിച്ചെന്ന് ആരോപിച്ച് മുൻ ഡ്രൈവർകൂടിയായ പ്രശാന്ത് ബാബു 2021ലാണ് വിജിലൻസിന് പരാതി നൽകിയത്.
ഇങ്ങനെ കിട്ടിയ പണം വീട് നിർമാണത്തിന് ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇക്കാര്യം തിങ്കളാഴ്ച വിജിലൻസ് സ്പെഷൽ സെൽ എസ്.പിക്കു മുന്നിൽ പരാതിക്കാരൻ ആവർത്തിച്ചു. അതിനാൽ, വീട് ഉൾപ്പെടെ അനധികൃത സ്വത്ത് സമ്പാദനമെന്ന നിലക്കാണ് അന്വേഷണവും പുരോഗമിക്കുന്നത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സുധാകരൻ നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2,440 ചതുരശ്രയടിയുള്ള വീട് എന്നാണ് കാണിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇത് 7,405 ചതുരശ്ര അടിയായി.
രണ്ടുവർഷം മുമ്പ് കോർപറേഷനിൽ സമർപ്പിച്ച രേഖയിൽ 12,647 ചതുരശ്രയടിയുമായി. എം.പിയെന്ന നിലക്കുള്ള വേതനവും സ്കൂൾ അധ്യാപികയെന്ന നിലക്ക് ഭാര്യക്ക് കിട്ടിയ ശമ്പളവും എല്ലാമാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് ഭാര്യ ജോലി ചെയ്ത ഹൈസ്കൂൾ പ്രധാനാധ്യാപകന് നോട്ടീസ് നൽകിയത്.
അതേസമയം, കെ.എം. ഷാജിക്കെതിരായ കേസിന്റെ ഗതിയാവും സംഭവിക്കുകയെന്നും രാഷ്ട്രീയായുധമായാണ് വിജിലൻസ് പ്രവർത്തിക്കുന്നതെന്നുമാണ് കോൺഗ്രസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.