എസ്.എസ്.എൽ.സി ചോദ്യ ചോർച്ച: ഫലപ്രഖ്യാപനം അടുത്തിട്ടും അന്വേഷണം തുടങ്ങാതെ വിജിലൻസ്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ കണക്ക് പരീക്ഷയുടെ ചോദ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, മാസം ഒന്നു കഴിഞ്ഞിട്ടും പ്രാഥമികാന്വേഷണംപോലും നടത്താൻ വിജിലൻസിന് സാധിച്ചില്ല.
രണ്ടുദിവസം മുമ്പാണ് ഇതുസംബന്ധിച്ച ഫയൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് അന്വേഷണ യൂനിറ്റ്-രണ്ടിന് വിജിലൻസ് മേധാവി കൂടിയായ ഡി.ജി.പി ലോക്നാഥ് െബഹ്റ കൈമാറിയത്. യൂനിറ്റ് എസ്.പി കെ. ജയകുമാറിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ശരത്കുമാറിനാണ് അന്വേഷണ ചുമതല. വരും ദിവസങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം ആരംഭിക്കുമെന്ന് വിജിലൻസ് എസ്.പി കെ. ജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്വകാര്യസ്ഥാപനത്തിെൻറ മാതൃക ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ ആവർത്തിച്ചെന്ന് വ്യക്തമായതോടെയാണ് മാർച്ച് 20ന് നടത്തിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ റദ്ദാക്കിയത്. തുടർന്ന് മാർച്ചിന് 30ന് പകരം പരീക്ഷ നടത്തി.
സംഭവത്തില്‍ ചോദ്യകര്‍ത്താവ് കണ്ണൂര്‍ ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ജി. സുജിത്കുമാറിനെ സസ്പെൻറ് ചെയ്യുകയും ബോര്‍ഡ് ചെയര്മാന് റിട്ട. എ.ഇ.ഒ കെ.ജി. വാസുവിനെ പരീക്ഷ ജോലികളില്‍നിന്ന് മാറ്റുകയും ചെയ്തിരുന്നു. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മലബാർ എജുക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (മെറിറ്റ്) എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ തയാറാക്കി നല്കിയ പ്രകാശന് എന്ന അധ്യാപകനില്‍നിന്നാണ് സുജിത്കുമാര്‍ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നായിരുന്നു ആരോപണം.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണത്തില്‍ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു. പരീക്ഷാഭവന് നല്കുന്ന മാതൃക ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കിയാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്നായിരുന്നു സുജിത്തിെൻറ വിശദീകരണം. മാതൃകാ ചോദ്യപേപ്പര്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ഇതോടൊപ്പം മലപ്പുറം ജില്ല പഞ്ചായത്തിെൻറ ‘വിജയഭേരി’ പദ്ധതിക്കായി തയാറാക്കിയ കണക്ക് ഹാൻറ് ബുക്കും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയതെന്നും പ്രകാശനും അറിയിച്ചു. സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താൻ വിപുലമായ അന്വേഷണം വേണമെന്ന് സെക്രട്ടറി റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.