വിജയ് ബാബുവിന് പൂട്ട്; ഹാജരായില്ലെങ്കിൽ വിദേശത്ത് ചെന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
text_fieldsകൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ കുരുക്കിലാക്കി പൊലീസ്. എത്രയും വേഗം അറസ്റ്റ് ചെയ്യാൻ കൂടുതൽ പദ്ധതികളൊരുക്കിയിരിക്കുകയാണ് പൊലീസ്.
ഉടൻ ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ പൊലീസ് നോട്ടീസ് നൽകി. കീഴടങ്ങിയില്ലെങ്കിൽ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്‍റെ പേരിൽ അറസ്റ്റിന് തടസ്സമില്ല. നോട്ടീസ് നൽകിയതിനാൽ പ്രതി ഉടൻ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയോ അന്വേഷണത്തിന് കാലതാമസമോ ഉണ്ടായിട്ടില്ല. പരാതി ലഭിച്ച 22നുതന്നെ കേസെടുത്തെന്നും കമീഷണര്‍ പറഞ്ഞു. കുറ്റാരോപിതൻ ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. സ്വാധീനിച്ചാൽ വിജയ് ബാബുവിനെതിരെ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയിൽനിന്ന് പ്രത്യേക നിർദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന വാദമാണ് പൊലീസിന്‍റേത്. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികളെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം, നടി നൽകിയ പരാതിയുടെ വിവരങ്ങൾ ചോർന്നെന്ന് വിശ്വസിക്കുന്നില്ല. പ്രതി വിദേശത്താണെന്നത് കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കമീഷണർ പറഞ്ഞു.
മീ ടൂ: പരാതിക്കാരിയെ കണ്ടെത്താൻ പൊലീസ്
കൊച്ചി: വിജയ് ബാബുവിനെതിരെ മീ ടൂ പരാതി ഉന്നയിച്ച യുവതിയെ കണ്ടെത്താന്‍ പൊലീസ് നടപടികൾ ആരംഭിച്ചു. വിമൻ എഗിനിസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി ആരോപണമുന്നയിച്ചത്. ഇതിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പേജിന്‍റെ അഡ്മിനെ കണ്ടെത്തി അതുവഴി യുവതിയെ കണ്ടെത്തി പരാതി എഴുതിവാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതിന് പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സിനിമമേഖലയുമായി ബന്ധമുള്ള ആളാണ് പരാതി ഉന്നയിച്ചിരിക്കുന്നതെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
നടപടിക്കൊരുങ്ങി അമ്മ
കൊച്ചി: ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന അമ്മ. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര പരാതി സമിതി (ഐ.സി.സി) റിപ്പോര്‍ട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗം നടപടിയെടുത്തേക്കും.
കഴിഞ്ഞ 27നുതന്നെ ആഭ്യന്തര പരാതി സമിതി യോഗം കൂടുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്‍റെ നടപടി ഗുരുതര തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് വിജയ് ബാബുവിനോട് വിശദീകരണം തേടിയിരുന്നു. തുടർ നടപടികളെടുക്കുന്നതിനെപറ്റി സംഘടന നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
വിജയ് ബാബുവിനെതിരെയുള്ള പരാതികൾ ഗൗരവമായി കാണണമെന്നാണ് 'അമ്മ'യിലെ പല അംഗങ്ങളുടെയും നിലപാട്. ശ്വേത മേനോനാണ് ഐ.സി.സിയുടെ ചെയര്‍പേഴ്സൻ. മാലാ പാർവതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേള ബാബു, അനഖ എന്നിവരാണ് അമ്മയുടെ ഐ.സി.സി അംഗങ്ങള്‍.
വിശദീകരണം തേടി
കൊച്ചി: വിജയ് ബാബുവില്‍നിന്ന് 'അമ്മ' വിശദീകരണം തേടി. തുടർനടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടിവ് ഞായറാഴ്ച ചേർന്നേക്കും. എക്‌സിക്യൂട്ടിവ് അംഗം കൂടിയായ വിജയ് ബാബുവിന്റെ വിശദീകരണം യോഗം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.