കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടിയേക്കും
text_fieldsകൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബുവിന്റെ നാട്ടിലെ സ്വത്തു വകകൾ കണ്ടുകെട്ടാൻ പൊലീസ് നീക്കം. ചൊവ്വാഴ്ചക്കകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനായി എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചൊവ്വാഴ്ച തിരിച്ചെത്താനുള്ള സാധ്യത കാണാത്ത പശ്ചാത്തലത്തിലാണ് സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.
മുൻകൂർ ജാമ്യം വിദേശത്തുനിന്ന് എത്തിയശേഷം പരിഗണിക്കാമെന്ന് ഹൈകോടതി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹരജി വിദേശത്തുനിന്ന് നാട്ടിലെത്തിയശേഷം മാത്രം പരിഗണിക്കാമെന്ന് ഹൈകോടതി. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിന്റെ പകർപ്പ് വ്യാഴാഴ്ചക്കകം ഹാജരാക്കാനും ജസ്റ്റിസ് പി. ഗോപിനാഥ് നിർദേശിച്ചു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നതിന് മുമ്പ് വിദേശത്തേക്ക് പോയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം. തുടർന്ന് ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത കേസാണിതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് അവർ പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് നിരന്തരം മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നത് കോടതിയലക്ഷ്യമാണ്. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
എന്നാൽ, അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാനാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നായിരുന്നു സർക്കാർ വാദം. ഹരജിക്കാരൻ ഇപ്പോൾ ഇന്ത്യയിലുണ്ടോയെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. ഇല്ലെന്ന് അഭിഭാഷകൻ മറുപടി നൽകി. എങ്കിൽ കേരള ഹൈകോടതിയുടെ അധികാര പരിധിയിലേക്ക് മടങ്ങിയെത്തിയശേഷം മുൻകൂർ ജാമ്യ ഹരജി പരിഗണിക്കാമെന്ന് വാക്കാൽ പറഞ്ഞ കോടതി, ഹരജി മാറ്റുകയായിരുന്നു.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമം
ദുബൈ: നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിനെ ദുബൈയിൽനിന്ന് നാട്ടിലെത്തിക്കാൻ ശ്രമം. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിജയ് ബാബു എത്താൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. അഭിഭാഷകൻ വഴി വിവരങ്ങൾ കോടതിക്ക് കൈമാറാനാണ് ശ്രമം നടക്കുന്നത്.
കേസിൽ അകപ്പെട്ട വിജയ് ബാബു ഇടക്ക് ജോർജിയയിൽ പോയെങ്കിലും കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയിരുന്നു. പ്രത്യേക യാത്രാരേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇതിനുള്ള നടപടികൾ കൊച്ചി സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടിക്കറ്റ് ഹാജരാക്കാൻ ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.