പീഡനക്കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പുതിയ ബെഞ്ചിൽ
text_fieldsകൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി മറ്റൊരു ഹൈകോടതി ബെഞ്ച് പരിഗണിക്കും. ഇതുവരെ ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ മുമ്പാകെ എത്തിയെങ്കിലും ജഡ്ജിമാരുടെ പരിഗണന വിഷയം മാറിയ സാഹചര്യത്തിൽ ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കി ഒഴിവായി. ഹരജി ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിലെത്തും. അതേസമയം, വിജയ് ബാബു ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മാർച്ച് 16നും 22നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് ഏപ്രിൽ 22ന് ഷൂട്ടിങ്ങിനായി ഗോവയിലേക്കും അവിടെനിന്ന് 24ന് ദുബൈയിലേക്കും പോയതെന്നാണ് ഹരജിയിൽ പറയുന്നത്.
പ്രതി നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്താൻ വിജയ് ബാബു വിമാന ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, ഇടക്കാല മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. ഇതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.