ക്യാപ്റ്റൻ വിളിയെ ന്യായീകരിച്ച് വിജയരാഘവൻ; മുഖ്യമന്ത്രിയുടെ നേതൃപാടവം സൂചിപ്പിക്കുന്നതെന്ന്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ക്യാപ്റ്റൻ പരാമർശം മുഖ്യമന്ത്രിയുടെ നേതൃത്വ പാടവത്തെ സൂചിപ്പിച്ചുള്ള പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് ക്യാപ്റ്റനെന്നും കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നുമുള്ള പി. ജയരാജൻെറ ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെയാണ് ക്യാപ്റ്റൻ വിളിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ രംഗത്തെത്തിയത്.
ക്യാപ്റ്റൻ പരാമർശം മുഖ്യമന്ത്രിയുടെ നേതൃപാടവത്തെ സൂചിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആകെ പ്രവർത്തനങ്ങളുടെ നേതൃനിരയിൽ അഗ്രഗാമിയായി നിൽക്കുന്നത് പിണറായി വിജയനാണ്. മുഖ്യമന്ത്രിയെ ജനങ്ങൾ സ്നേഹാദര ബഹുമാനങ്ങളോടെ കാണുമ്പോൾ അതിന് വേറെ വ്യാഖ്യാനങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല -വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ചിരുന്നു. തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടെന്നും താൽപര്യം കൊണ്ട് ആളുകൾ പലതും വിളിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാൽ ഇതിനുപിന്നാലെ, പാർട്ടിയാണ് ക്യാപ്റ്റനെന്ന് പറഞ്ഞു കൊണ്ടുള്ള പി. ജയരാജൻെറ ഫേസ്ബുക്ക് കുറിപ്പ് വന്നു. കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതുകൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് -എന്നിങ്ങനെയായിരുന്നു പി. ജയരാജൻെറ ഫേസ്ബുക്ക് കുറിപ്പ്.
തൻെറ പേരിൽ പ്രവർത്തകർ പാട്ടെഴുതി പുറത്തിറക്കിയതിന് പാർട്ടി മുമ്പ് തനിക്കെതിരെ നടപടിയെടുത്തതിനെ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരോക്ഷമായി സൂചിപ്പിച്ചു. 'ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും' എന്നാണ് പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.
പാർട്ടിയിൽ ക്യാപ്റ്റനില്ലെന്നും സഖാവ് മാത്രമാണെന്നും ഇന്നലെ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.