മികച്ച നിക്ഷേപത്തിന് വേഗം ആവശ്യമെന്ന് വിജയരാഘവൻ
text_fieldsതിരുവനന്തപുരം: ആളുകളുടെ ചലനത്തിൽ വേഗതയുണ്ടാവുക എന്നത് മികച്ച നിക്ഷേപത്തിന് ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സിൽവർ ലൈൻ പദ്ധതി പണിയുന്നതോടെ കേരളത്തിെൻറ എല്ലാ പാരിസ്ഥിതിക കെട്ടുറപ്പും ഇല്ലാതാവുമെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്താണ് എൽ.ഡി.എഫ് സർക്കാർ എല്ലാ വികസന പ്രവർത്തനവും നടത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ നഷ്ടപരിഹാരം വികസന പദ്ധതികളിൽ സ്ഥലം ഏറ്റെടുക്കുന്നതിന് കേരളം നൽകുന്നുണ്ട്. സിൽവർ ലൈൻ പദ്ധതിയിൽ കേമ്പാളവിലയേക്കാൾ ഇരട്ടിയിലധികം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്.
ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ എൻ.എച്ച് വികസനത്തിന് അഞ്ച് മീറ്റർ സ്ഥലംപോലും ഏറ്റെടുക്കാൻ കഴിഞ്ഞില്ല. പിണറായി സർക്കാർ സമവായത്തിലൂടെ മുഴുവൻ സ്ഥലവും ഏറ്റെടുത്തു. പദ്ധതി നടപ്പാക്കുേമ്പാൾ പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കിൽ പരിഹാരവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണകാര്യത്തിൽ കേരളത്തിൽ നല്ല സ്വാതന്ത്ര്യമാണുള്ളത്. അതിനെതിരായ നിലപാടുകളോട് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും ഹലാൽ ഭക്ഷണ വിവാദത്തെ കുറിച്ച് വിജയരാഘവൻ പ്രതികരിച്ചു. വ്യത്യസ്ത രുചികളിൽ ലഭിക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കുന്നു. അവിടെ വർഗീയ വേർതിരിവുണ്ടാക്കേണ്ട കാര്യമില്ല. വ്യാജ വാർത്ത നിർമിച്ച് ദുഷ്പ്രചാരണം നടത്തുന്നതിനെ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.