വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി വിജയരാഘവനെ കുടിയിരുത്തണം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സംഘ്പരിവാറിന്റെ അക്രമശൈലിയിലേക്കു കോണ്‍ഗ്രസ് മാറിയെന്നു പ്രസ്താവിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ പാര്‍ട്ടിയുടെ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി ഉടനെ എവിടെയെങ്കിലും കുടിയിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സ്ഥലകാല ബോധം നഷ്ടപ്പെട്ട് പരിസരബോധമില്ലാതെ നിരന്തരം അസംബന്ധം പുലമ്പുന്ന വിജയരാഘവന്‍ പാര്‍ട്ടിക്കു മാത്രമല്ല, കേരളീയ സമൂഹത്തിനും ബാധ്യതയാണ്.
സി.പി.എം.-ബി.ജെ.പി അക്രമരാഷ്ട്രീയം അരങ്ങു തകര്‍ക്കുന്ന കണ്ണൂരില്‍ 1984 മുതല്‍ 2018 വരെയുള്ള കാലയളവിലുണ്ടായ 125 രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എം 78 കേസുകളിലും ബി.ജെ.പി 39 കേസുകളിലും പ്രതിസ്ഥാനത്താണ്.
മൂന്നര ദശാബ്ദത്തിനിടയില്‍ ഒരേയൊരു കേസില്‍ മാത്രം പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ് അക്രമശൈലി സ്വീകരിക്കുന്നു എന്നു പറയാന്‍ വിജയരാഘവന് എങ്ങനെ നാവുപൊന്തിയെന്ന് സുധാകരന്‍ ചോദിച്ചു.
ഇന്ധനവിലയിലും മുല്ലപ്പെരിയാര്‍ മരം മുറിയിലും മുഖം വികൃതമായ ഇടതു സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനുമേല്‍ കുതിരകയറുന്നതിനു പകരം സര്‍ക്കാറിനെ തിരുത്താന്‍ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.
മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നിയമസഭയില്‍ തടര്‍ച്ചയായ ദിവസങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയായിരുന്നു.
തന്‍റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പരസ്യമായി പോര്‍വിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതില്‍നിന്ന് പുറത്തുവരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.