വിജയരാഘവന്റെ പരാമർശം ഏറ്റെടുത്ത് സി.പി.എം; നീക്കം രാഷ്ട്രീയ കാർഡ്മാറ്റം
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ എ. വിജയരാഘവന്റെ വിവാദ പരാമർശങ്ങൾ പാർട്ടി ഏറ്റെടുത്തതോടെ, ബി.ജെ.പിക്ക് മരുന്നിട്ടും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും കാർഡ് മാറ്റ രാഷ്ട്രീയത്തിലേക്ക് സി.പി.എം കടക്കുന്നെന്ന് വ്യക്തമാവുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറിയും മുന്നണി കൺവീനറും കേന്ദ്രകമ്മിറ്റി അംഗങ്ങളുമടക്കം വിജയരാഘവനെ പിന്തുണച്ചും നിലപാട് ആവർത്തിച്ചും രംഗത്തെത്തിയത് പാർട്ടി തീരുമാനപ്രകാരമാണെന്നും വ്യക്തം.
ഇൻഡ്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ തന്നെ സഖ്യത്തിന്റെ ദേശീയ മുഖങ്ങൾക്കെതിരെ ബി.ജെ.പി സ്ഥാപിക്കാൻ ശ്രമിക്കുന്ന വാദങ്ങളെ സി.പി.എം തന്നെ ബലപ്പെടുത്തിയത് ദേശീയരാഷ്ട്രീയത്തിലെ ഇതുവരെയുള്ള ഇടതു നിലപാടുകളെ റദ്ദ് ചെയ്യൽ കൂടിയാണ്.
അതെല്ലാം അവഗണിക്കുക വഴി ദേശീയ രാഷ്ട്രീയത്തിനപ്പുറം സംസ്ഥാന രാഷ്ട്രീയത്തിലെ പാർലമെന്ററി താൽപര്യങ്ങളിലേക്ക് പാർട്ടി ചുരുങ്ങുന്നുവെന്നും അടിവരയിടുന്നു.
പോളിറ്റ് ബ്യൂറോ അംഗം പൊതുവായി പറഞ്ഞ കാര്യങ്ങളെ ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ചുമലിലേക്ക് പരിമിതപ്പെടുത്തി അൽപം ‘സേഫ് സോണി’ലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. നിലപാട് ആവർത്തിച്ചുള്ള വിജയരാഘവന്റെ ഞായറാഴ്ചയിലെ ഫേസ്ബുക്ക് പോസ്റ്റിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമൊപ്പം മുസ്ലിം ലീഗിനെ കൂടി പ്രതിസ്ഥാനത്ത് നിർത്തിയിരുന്നെങ്കിൽ, പാർട്ടി സംസ്ഥാന സെക്രട്ടറി ലീഗിനെ ഒഴിവാക്കി.
ലീഗ് വർഗീയ പാർട്ടിയാണെന്ന് അന്നും ഇന്നും തങ്ങൾ പറഞ്ഞിട്ടില്ലെന്നു കൂടി സെക്രട്ടറി ആവർത്തിച്ചതോടെ പി.ബി അംഗത്തിന്റെ വാദങ്ങളെ സംസ്ഥാന സെക്രട്ടറി തള്ളുന്നതിന് തുല്യമായി.
വിജയരാഘവന്റെ പരാമർശങ്ങൾ ഒരു സമുദായത്തെ ഒന്നാകെ ഉന്നംവെക്കുന്നുവെന്ന വിമർശനം കനക്കുകയും സമസ്തയടക്കം രംഗത്തെത്തുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ തന്ത്രപരമായ അടവുനയം.
മുസ്ലിം സംഘടനകളെ നിരന്തരം പ്രശ്നവത്കരിക്കുന്നതിലൂടെ ആത്യന്തികമായി സി.പി.എം ലക്ഷ്യമിടുന്നതും രാഷ്ട്രീയനേട്ടമാണ്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമെന്നാണ് പാർട്ടി സെക്രട്ടറി ആവർത്തിക്കുന്നത്. അതേസമയം ഇവരുടെ വോട്ട് കൊണ്ടാണ് വയനാട് അടക്കം ലോക്സഭ മണ്ഡലങ്ങളിൽ യു.ഡി.എഫ് ജയിച്ചതെന്നും പറഞ്ഞുവെക്കുന്നു.
എല്ലാം മുഖ്യമന്ത്രി അറിഞ്ഞ്
തിരുവനന്തപുരം: എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശവും അതിനെ പിന്തുണച്ച് സി.പി.എം നേതാക്കൾ രംഗത്തുവന്നതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള ചരിത്രത്തില്‍ ഇത്ര മോശമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. അത്ര ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘ്പരിവാറിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ജീവിക്കുന്നതാണ് ഇതിനെല്ലാം കാരണം.
വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചത്. സി.പി.എം അതിനെ പിന്തുണച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം അജണ്ട മാറിയെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.