വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ- വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സി.പി.എം കൂടി അതിനെ പിന്തുണച്ചിരിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിന്റെ അജണ്ട മാറിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനവുമായി സി.പി.എം ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്ന രീതിയിലേക്കാണ് സി.പി.എം പോകുന്നത്.
വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത്. ആ വിജയത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മും സംഘ്പരിവാറും തമ്മിലുള്ള ദൂരം വളരെ അകലെയല്ലെന്നു കാണിക്കുന്നതാണ്.
സി.പി.എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും വിജയരാഘവനെ പിന്തുണച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതും. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘ്പരിവാറിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ജീവിക്കുന്നതാണ് ഇതിനെല്ലാം കാരണം.
കാലങ്ങളായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയില്‍ സംഘ്പരിവാര്‍ ചെയ്യുന്ന അതേ രീതിയിലാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രസ്മസ് ആഘോഷം തടസപ്പെടുത്തിയത്. സി.പി.എമ്മിന്റെ വര്‍ഗീയ പ്രീണനമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം നടത്താന്‍ ബി.ജെ.പിക്ക് പ്രേരണയായി മാറിയത്.
ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കെളെ പോലെ ക്രിസ്മസ് കാലത്ത് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന സംഘ്പരിവാറിന്റെ യഥാർഥ മുഖമാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ കണ്ടത്. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്ടിലാണ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തിയത്. ഇതൊന്നും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.