വിജിൻ വർഗീസ്, ബിനു ജോൺ; 1556 കോടിയുടെ മയക്കുമരുന്നുമായി രണ്ട് ദിവസത്തിനിടെ പിടിയിലായത് രണ്ട് മലയാളികൾ
text_fieldsമുംബൈ: ഒരാഴ്ചക്കിടെ 1556 കോടിയുടെ മയക്കുമരുന്ന് കടത്തി രാജ്യത്തെ തന്നെ ഞെട്ടിച്ച് രണ്ട് മലയാളികൾ. നാരങ്ങ പെട്ടിയിൽ ഒളിപ്പിച്ച് 1476 കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ എറണാകുളം സ്വദേശി വിജിൻ വർഗീസ് ഇന്നലെയാണ് മുംബൈയിൽ പിടിയിലായത്. തൊട്ടുപിന്നാലെ, 80 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ കോട്ടയം സ്വദേശി ബിനു ജോൺ ഇന്ന് മുംബൈയിൽ ഡി.ആർ.ഐയുടെ പിടിയിലായി.
വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായാണ് ബിനു ജോണിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോൺ അറസ്റ്റിലായത്. ആദ്യം ലഗേജ് ഡി.ആർ.ഐ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്നും കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈ തുറമുഖം വഴി കടത്തുന്നതിനിടെ പിടിയിലായത്. എറണാകുളം കാലടി മുക്കന്നൂർ സ്വദേശി വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള യമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലഹരി വസ്തുക്കൾ എത്തിയത്. പഴം ഇറക്കുമതിയുടെ മറവിലാണ് രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്തത്. വിജിനൊപ്പം മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാള്‍ക്കും ലഹരിക്കടത്തില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങങ്ങളിൽനിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ തുറമുഖം വഴി കപ്പലിലാണ് ലഹരി കടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡിആർഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സിന്റെ കാലടിയിലെ ഓഫീസിൽ എക്സൈസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. നേരത്തെ മാസ്‌ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ്.
വിജിന്റെ അറസ്റ്റിന് പിന്നാലെ കാലടിയിലെ ഇയാളുടെ ഗോഡൗണിലും അയ്യമ്പുഴയിലെ വീട്ടിലും ഡി.ആര്‍.ഐ. സംഘം പരിശോധന നടത്തി. നിരവധി പെട്ടികളിലായാണ് ഇവിടെ പഴവര്‍ഗങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം എക്‌സൈസ് സംഘം വിശദമായി പരിശോധിച്ചു. വിജിന്റെ വീട്ടില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഇയാളുടെ കമ്പനിയുടെ പേരില്‍ എത്തിയ കണ്ടെയ്‌നര്‍ കൊച്ചി തുറമുഖത്ത് പരിശോധിച്ചെങ്കിലും ഇതില്‍നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.
വിജിൻ ഗോഡൗൺ തുടങ്ങിയത് ഒന്നരമാസംമുമ്പ്
മുംബൈ കേന്ദ്രീകരിച്ചാണ് വിജിന്‍ വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇയാളും സുഹൃത്തുക്കളും മാസ്ക്കും പിപിഇ കിറ്റും മറ്റു കോവിഡ് അനുബന്ധ ഉൽപന്നങ്ങളും ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്താണ് ബിസിനസ് തുടങ്ങിയത്. രണ്ടു വർഷംകൊണ്ട് പഴവർഗ്ഗ ഇറക്കുമതിയിലേയ്ക്ക് കടന്നു. ആൽവിൻ എന്ന ജോലിക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകയ്ക്കെടുത്ത കടമുറി ഉപയോഗിച്ചു ലൈസൻസ് എടുത്തു. പിന്നീട് കാലടിയിലേയ്ക്കു ബിസിനസ് മാറ്റുകയായിരുന്നു. ഒന്നരമാസം മുമ്പാണ് കാലടിയില്‍ ശീതികരണ സംവിധാനമുള്ള ഗോഡൗണിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെനിന്ന് വിവിധ ജില്ലകളിൽ പഴങ്ങള്‍ വിതരണം ചെയ്തിരുന്നു. ഡി.ആര്‍.ഐ. സംഘം നടത്തിയ പരിശോധനയിൽ ഇതിന്റെ വിവരങ്ങളും മറ്റും കണ്ടെടുത്തു.
മുംബൈയിലും കാലടിയിലും യുഎഇയിലും കമ്പനിക്ക് ഓഫിസുകളുണ്ടെന്ന് ഇവരുടെ വെബ്‌സൈറ്റിൽ പറയുന്നു. ദക്ഷിണാഫ്രിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത്. മാർക്കറ്റിൽ 200 രൂപ വിലയുള്ള ആപ്പിളിന് വിജിൻ വർഗീസിന്റെ കാലടിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ വെറും 100 രൂപക്കാണ് വിൽപന നടത്തിയിരുന്നത്. ഓറഞ്ച് ഉൾപ്പടെ ഇറക്കുമതി ചെയ്തു കൊണ്ടുവരുന്ന മറ്റു പഴങ്ങൾക്കും വിലക്കുറവുണ്ടായിരുന്നു. ലഹരി ഇറക്കുമതിയിലൂടെയുള്ള ലാഭമാണ് ഈ വിലക്കുറവിന് പിന്നിലെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.