ഉരുളിൽ കുത്തിയൊലിച്ച സ്വപ്നങ്ങൾ...
text_fieldsവിലങ്ങാടിനെ കണ്ണീർക്കയത്തിലാക്കിയ ദുരന്തമുണ്ടായിട്ട് 10 നാൾ പിന്നിടുകയാണ്. എല്ലാ സമ്പാദ്യങ്ങളും ഉരുളിന്റെ കുത്തൊഴുക്കിൽ മണ്ണിൽ പുതഞ്ഞുപോയതിന്റെ നടുക്കുന്ന ഓർമകളിൽനിന്ന് പ്രദേശവാസികൾ ഇനിയും മുക്തമായിട്ടില്ല. കുടിയേറ്റ ജനതയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി, ജൂലൈ 30ന് രാത്രി 12.45ഓടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. പിന്നീട് ചെറുതും വലുതുമായി 25 ഇടങ്ങളിലാണ് ഉരുൾ നാശംവിതച്ചത്. ഒരു ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ, ഹെക്ടർകണക്കിന് ഭൂമിയും കൃഷിയിടവും വീടുകളും നഷ്ടമായ മനുഷ്യരെ ചേർത്തുപിടിക്കേണ്ടത് ഭരണകൂടത്തിന്റെയും സുമനസ്സുകളുടെയും ബാധ്യതയാണ്. ഉരുൾ നാശത്തിന്റെ വ്യാപ്തിയെക്കുറിച്ചും പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും ‘മാധ്യമം’ നടത്തുന്ന അന്വേഷണം...
വടകര: മയ്യഴിപ്പുഴയുടെ ഉത്ഭവ കേന്ദ്രമായ പുല്ലവ പുഴയിപ്പോൾ ശാന്തമായി ഒഴുകുകയാണ്. വിലങ്ങാടിന്റെ പ്രകൃതി രമണീയതക്ക് വെള്ളിക്കൊലുസണിയിച്ച് തെളിനീരിന്റെ ശാന്തസുന്ദര പ്രവാഹം. 10 ദിനങ്ങൾക്കുമുമ്പ് പുഴ ഇങ്ങനെയായിരുന്നില്ല. കുത്തിയൊഴുകിയ പുഴയിൽ ഒരു മനുഷ്യായുസ്സ് മുഴുവൻ ഉണ്ടാക്കിയെടുത്തതെല്ലാം ഒഴുകിപ്പോകുന്ന കാഴ്ചയായിരുന്നു.
കാഴ്ച തേടിയെത്തുന്നവരുടെ പറുദീസയായിരുന്ന വിലങ്ങാടൻ മലനിരകളുടെ വശ്യമനോഹാരിത തകർന്നടിഞ്ഞതിന്റെ ശേഷിപ്പുകളാണ് എങ്ങും കാണാൻ കഴിഞ്ഞത്. ചെറുതും വലുതുമായി 25 ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ സംഹാര താണ്ഡവമാടിയപ്പോൾ നാട്ടുകാരുടെ അവസരോചിത ഇടപെടലിലാണ് നൂറോളം ജീവൻ തിരിച്ചുകിട്ടിയത്.
മലമുകളിൽനിന്ന് പാറകളും മണ്ണും ഒലിച്ചിറങ്ങിയപ്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവരാണ് രക്ഷപ്പെട്ടവർ. രക്ഷാപ്രവർത്തകർക്കൊപ്പം നീങ്ങുന്നതിനിടെ ഉരുൾ വാരിയെടുത്ത കുളത്തിങ്കൽ മാത്യുവിന്റെ ജീവൻ മാത്രമാണ് വിലങ്ങാട്ട് നഷ്ടമായത്. എന്നാൽ, വിലമതിക്കാനാവാത്ത നാശനഷ്ടമാണ് സംഭവിച്ചത്.
ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പലരും വീടുവിട്ട് ഓടിയത്. വീടുകൾ ഒഴുകിപ്പോകുന്നത് കണ്ണീരോടെ നിസ്സഹായരായി നോക്കിനിന്നവരുണ്ട്. 112 വീടുകൾ വാസയോഗ്യമല്ലെന്നാണ് വാണിമേൽ ഗ്രാമപഞ്ചായത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. റോഡുകളും പാലങ്ങളും തകർന്നു. ഉരുൾപൊട്ടലിന്റെ വ്യാപ്തി തിരിച്ചറിയാൻ ഏറെ വൈകിയതാണ് കണക്കെടുപ്പിനെ ബാധിച്ചത്.
ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിന്റെ വിവരങ്ങൾ പുറത്തറിയാൻ വൈകിയിരുന്നു. മേഖലയിലെ റോഡുകളും പാലങ്ങളും തകർന്നതിനാൽ പലരും മലയോരത്ത് കുടുങ്ങിക്കിടന്നതിനാലാണ് വിവരങ്ങൾ പുറത്തറിയാതെ പോയത്. വിലങ്ങാട്ടെ മഞ്ഞച്ചീളി, പാനോം, വലിയപാനോം, അടിച്ചിപ്പാറ, മലയങ്ങാട്, പന്നിയേരി, കുറ്റല്ലൂർ, പറക്കാട്, ആനക്കുഴി, മാടാഞ്ചേരി എന്നിവിടങ്ങളിലാണ് ഉരുൾ, നാശം വിതച്ചത്. കുടിയേറ്റ കർഷകർക്കൊപ്പം ആദിവാസി സങ്കേതങ്ങളിൽ താമസിക്കുന്നവരും ഉരുൾ ഭീഷണിയിലാണ് കഴിയുന്നത്.
കണ്ണൂർ കണ്ണവം, വയനാട് കുഞ്ഞോം വനമേഖലയോട് ചേർന്നാണ് വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ മലയോരമായ വിലങ്ങാട് കിടക്കുന്നത്. പാനോത്തുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വയനാട് കുഞ്ഞോം വനമേഖലയാണ്. വനത്തിൽ എവിടെയൊക്കെയാണ് ഉരുൾപൊട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉരുളിൽ നാശം നേരിട്ടവരുടെ കണക്കുകൾ വിവിധ വകുപ്പുകൾ അതിവേഗം ശേഖരിച്ച് വരുകയാണ്. വീടുകൾ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരുടെ പുനരധിവാസം നടക്കേണ്ടതുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.