വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടമായത് ഏക്കർ കണക്കിന് കൃഷിഭൂമി
text_fieldsനാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വൻ കൃഷിനാശം സംഭവിച്ച മുച്ചങ്കയം, കുറ്റല്ലൂർ, പന്നിയേരി, പറമ്പടിമല ഭാഗങ്ങളിൽ വ്യാപക നാശനഷ്ടത്തിന്റെ കണ്ണീർ കണക്കുമായി കർഷകർ. ജൂലൈ 31ന് ഉണ്ടായ ഭീകരമായ ഉരുൾപൊട്ടലാണ് പ്രദേശത്തുകാരെ തീരാദുരിതത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിട്ടത്. നിമിഷങ്ങൾകൊണ്ട് പൊട്ടിപ്പുറപ്പെട്ട നിരവധി ഉരുൾപൊട്ടലുകൾ മണ്ണിനോട് പടവെട്ടി പടുത്തുയർത്തിയ മനുഷ്യരുടെ കാർഷിക സ്വപ്നങ്ങളും ജീവിത പ്രതീക്ഷകളുമാണ് തകർത്തതെന്ന് കർഷകർ പറഞ്ഞു.
മനുഷ്യ നാശനഷ്ടം ഒഴിച്ചുനിർത്തിയാൽ കാർഷിക ഭൂമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലയാണിത്. 2019ലെ ആലിമൂല ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കുഴിയാംപ്ലാവിൽ ഫിലിപ്പിന് പുതിയ ഉരുൾപൊട്ടലും കനത്ത ആഘാതമേൽപിച്ചു. വിലങ്ങാട് ടൗണിന് സമീപം സർക്കാർ ധനസഹായത്തോടെ പുനരധിവാസം നടത്തിയ ഫിലിപ് മുച്ചങ്കയത്തിന് സമീപം സമ്പാദ്യമായുണ്ടായിരുന്ന 80 സെന്റ് കൃഷിഭൂമി പൂർണമായും ഉരുളെടുത്ത ദുഃഖത്തിലാണ്. പാലൂർ ഉതിരക്കുളത്തെ ജോസിന് രണ്ടേക്കർ കുരുമുളക് കൃഷിയും കവുങ്ങും നഷ്ടമായി.
ഉതിരക്കുളം ജോയിക്ക് രണ്ടേക്കറിലെ തേക്ക്, കശുമാവ് എന്നിവയാണ് നഷ്ടമായത്. കുഴിയാംപ്ലാവിൽ ഷിബുവിന്റെ 250ഓളം റബർ മരങ്ങളും ഷീറ്റടിക്കുന്ന യന്ത്രവും ഒഴുകിപ്പോയി. കുഴിയാംപ്ലാവിൽ ജോയിക്ക് ഒന്നര ഏക്കറോളം ഭൂമിയിലെ റബർ നഷ്ടമായി. മുച്ചങ്കയം പാലത്തിന് സമീപത്തെ തണ്ണിപ്പാറ ചാക്കോച്ചന്റെ കടയും ഒരേക്കറിലെ ജാതി, കൊക്കോ, കവുങ്ങ് എന്നിവയും ഒലിച്ചുപോയി. കുഴിയാംപ്ലാവിൽ ബിനു, പിച്ചനാടിയിൽ ബാബു, കുഴിയാംപ്ലാവിൽ ജോബിറ്റ് എന്നിവരുടെ വീട് തകർന്നു. കണ്ണിപ്പാറ തോമസിന്റെ ഒരേക്കർ കുരുമുളക് കൃഷി, കവുങ്ങ് എന്നിവയും നശിച്ചു.
കുറ്റിക്കാട്ടിൽ ബിജുവിന്റെ ഒന്നര ഏക്കർ കൃഷിസ്ഥലം ഉരുൾ വെള്ളം കയറി നശിച്ച നിലയിലാണ്. കുറ്റിക്കാട്ടിൽ ബേബിച്ചന്റെ രണ്ടര ഏക്കർ കവുങ്ങ്, റബർ എന്നിവ പൂർണമായും നശിച്ചു. മലമാക്കൽ ബേബിയുടെ വീടിന് കേടുപറ്റിയതിനാൽ ഏത് സമയത്തും തകർന്നുവീഴാവുന്ന നിലയിലാണ്.
കുറ്റല്ലൂർ, പറക്കാട് ട്രൈബൽ കോളനികളിലും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. കുറ്റല്ലൂർ വള്ളിൽ രാജു, കമ്പിളിപ്പാറ ജയൻ, കൂറ്റല്ലൂർ രാജൻ എന്നിവർക്കും പന്നിയേരിയിൽ മുക്കാട്ട് ലീല, കുഴിയാംപ്ലാവിൽ ലൂക്കോസ്, പാലുമ്മൽ കുങ്കൻ, പി.സി. കുങ്കൻ, പാലുമ്മൽ ചെറിയ ചന്തു എന്നിവർക്കും കൃഷിഭൂമിയിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. തൊട്ടടുത്ത പറമ്പടിമലയിൽ തണ്ണിപ്പാറ തൊമ്മച്ചൻ, കുഴിയാംപറമ്പിൽ കെ.പി. ഫിലിപ്, വേലംപറമ്പിൽ ബിനു എന്നിവരുടെ കൃഷിഭൂമിയിലും കനത്ത നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.