വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തം ആവർത്തിച്ചിട്ടും പിന്മാറാതെ ഖനനമാഫിയ
text_fieldsവടകര: ഉരുൾ വാരിയെടുത്ത വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ വിലങ്ങാട് എന്നും വാർത്തകളിൽ നിറഞ്ഞ് നിന്ന പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് പേര് കേട്ട വിലങ്ങാടൻ മലനിരകൾ ഒരു കാലത്ത് പ്രക്ഷോഭ സമരങ്ങളാൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചെറുതും വലതുമായി വാണിമേൽ, വളയം, നരിപ്പറ്റ പഞ്ചായത്തുകളിലായി നിരവധി കരിങ്കൽ ക്വാറികളുണ്ടായിരുന്നു. പ്രഭാതത്തിൽ പാറപൊട്ടിക്കുന്നതിന്റെ കാതടപ്പിക്കുന്ന മുഴക്കം വിലങ്ങാടിന്റെ ശാപമായിരുന്നു. ഉടുമ്പിറങ്ങി മല, ഉരുട്ടിക്കുന്ന് വെമ്പിടി, ചിറ്റാരി തുടങ്ങിയ സ്ഥലങ്ങളിൽ വൻകിട ഖനനത്തിന് കളമൊരുങ്ങിയെങ്കിലും ശക്തമായ ജനകീയ സമരങ്ങളാൽ ഖനന മാഫിയ പിന്മാറുകയായിരുന്നു. ഖനനത്തിന് നീക്കം നടന്ന സ്ഥലം നിലവിൽ ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി ഉടുമ്പിറങ്ങി മലയോട് ചേർന്നാണ് കിടക്കുന്നത്. ഇവിടെ വൻകിട ഖനനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ജനകീയ സമരം ശക്തമായതോടെ ഖനന കേന്ദ്രം തകർക്കുകയും പ്രവർത്തനം നിലക്കുകയുമാണുണ്ടായത്.
കമ്പിളിപ്പാറയിൽ നിലവിൽ ക്വാറിക്ക് ലൈസൻസ് ഉണ്ട്. സമരം ശക്തമായതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചിറ്റാരി മലയിലും വൻകിട ഖനനത്തിനുള്ള നീക്കം സജീവമാണ്. ഖനനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെതടക്കം അനുമതി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പാണ് ഖനനത്തിന് തടസ്സമായി നിൽക്കുന്നത്.
വിലങ്ങാട് മലയോരത്ത് ഖനനം ലക്ഷ്യമിട്ട് ഹെക്ടർ കണക്കിന് ഭൂമി ഭൂമാഫിയ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇവ വാങ്ങിയത്. ചെറു കെട്ടിടങ്ങളുടെ നമ്പറിൽ പോലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ വാങ്ങിയ ഭൂമികളിൽ പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനാൽ ഖനനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ മുഖ്യധാര രാഷ്ടീയ കക്ഷികളുടെ രഹസ്യ പിന്തുണ ഖനന മാഫിയകൾക്ക് ലഭിക്കുന്നുണ്ട്.
ഉരുൾ നാശം വിതച്ച വിലങ്ങാട് മലയുടെ ഒരു ഭാഗം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിഇപെട്ടതാണ്. റെഡ് സോണിൽ ഉൾപെട്ടതോടെ നരിപ്പറ്റയിലെ തരിപ്പമല, കമ്മായി മല എന്നിവിടങ്ങളിൽ പ്രവർത്തിച്ച ക്വാറികൾ നിലവിൽ പ്രവർത്തിക്കുന്നില്ല. എടോനി മലയിൽ ഖനനത്തിനുള്ള നീക്കം നാട്ടുകാരുടെ ചെറുത്ത് നിൽപ്പിൽ പരാജയപ്പെടുകയായിരുന്നു.
2019 ആഗസ്റ്റ് എട്ടിന് രാത്രി പന്ത്രണ്ട് മണിക്കാണ് ആലി മൂലയിൽ ഉരുൾപൊട്ടി നാല് പേർ മരണത്തിന് കീഴടങ്ങുകയും നിരവധി വീടുകൾ തകരുകയും ചെയ്തത്. ആലി മൂല സ്വദേശികളായബെന്നി കുറ്റിക്കാട്ട്, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, മാപ്പലകയിൽ ലിസി എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ വിലങ്ങാട് ടൗണിനടുത്ത് പുനരധിവസിപ്പിക്കുകയും ചെയ്തു. ആലി മൂലയിലുണ്ടായ ഉരുൾപൊട്ടലിന് ശേഷമാണ് മേഖലയിലെ ഖനന പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം ശക്തമായത്. എല്ലാം കെട്ടടങ്ങുമ്പോൾ ഖനന മാഫിയ വീണ്ടും തലപൊക്കുക പതിവാണ്. ചിറ്റാരി മലയിൽ ഇത്തരത്തിൽ കരിങ്കൽ ഖനനത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഇവിടെ വനത്തോട് ചേർന്നാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ചിറ്റാരിയിൽ ചെങ്കുത്തായ മലനിരകളോട് ചേർന്ന് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കരിങ്കൽ ഖനനം ആരംഭിച്ചാൽ ദുരന്തം ഇവിടെയും ആവർത്തിക്കും. ഖനന പ്രവർത്തനങ്ങൾക്കെതിരെ അവസാന ചെറുത്തു നിൽപ്പിലാണ് പ്രദേശവാസികൾ. ആദ്യം പിന്തുണച്ചവർ പിന്നീട് ഖനന മാഫിയക്കൊപ്പം മാറുന്ന കാഴ്ചയും നാട്ടുകാർ വിവരിക്കുന്നുണ്ട്. നേരത്തേ നടന്ന ഖനന പ്രവർത്തനങ്ങൾ വിലങ്ങാട് മലയോരത്തുണ്ടായ മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്.
എങ്ങുമെത്താത്ത പ്രഖ്യാപനങ്ങൾ
2019ൽ വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും വീടുകൾ നശിക്കുകയും ചെയ്തപ്പോൾ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ എങ്ങുമെത്തിയില്ല. കുടുംബങ്ങളുടെ പുനരധിവാസം നടന്നതൊഴിച്ചാൽ മറ്റെല്ലാം കടലാസിലൊതുങ്ങി. ആലിമൂലയിലെ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സംരക്ഷിച്ച് നിർത്തിയപ്പോൾ അപകട ഭീഷണിയിലായ തൊട്ടടുത്ത 35 മീറ്റർ ഭാഗം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഈ ഭാഗം അപകട ഭീഷണിയിൽ നിൽക്കുകയാണ്. ഇവിടെ വീണ്ടുമൊരു ദുരന്തമുണ്ടായാൽ വിലങ്ങാട് ടൗണിനെ നേരിട്ട് ബാധിക്കും. പലവിധ ഏജൻസികളും മേഖലയിൽ പഠനത്തിനെത്തിയിരുന്നു. പ്രധാന നിർദേശമായ ഉരുൾപൊട്ടൽ ഭീഷണി നില നിൽക്കുന്ന ഉയർന്ന ഭാഗങ്ങൾ തട്ടുകളായി വേർതിരിക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ല.
അതിജീവനത്തിന്റെ അത്ഭുത കഥ
ഉരുളിൽ നിന്നും കൂടെപിറപ്പിന്റെ ജീവൻരക്ഷിച്ച് മലയിറങ്ങിയ കഥയാണ് വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന് 14 നാൾ പിന്നിടുമ്പോൾ പുറത്ത് വരുന്നത്. കുറ്റല്ലൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടിനകത്തേക്ക് മണ്ണും വെളളവും ഒലിച്ചിറങ്ങിയപ്പോൾ വേലിയേറി സതീശനും സഹോദരി സരോജിനിയും രക്ഷപെട്ടത് സിനിമ കഥകളെ വെല്ലുന്ന തരത്തിലാണ്. മരത്തിൽ നിന്നും വീണ് പരിക്കേറ്റ സതീശൻ ഏറെക്കാലമായി ജോലിക്കൊന്നും പോകാൻ കഴിയാതെ സഹോദരിക്കൊപ്പമാണ് താമസം. ഉരുൾപൊട്ടൽ നടന്ന ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഇവരുടെ വീട്ടിന്റെ പിൻഭാഗം തുളച്ച് വീട്ടിലേക്ക് ഉരുൾ ഒലിച്ചിറങ്ങിയത്. കട്ടിലിലേക്ക് വരെ വെള്ളമെത്തി ഇതിനിടെ കൂരിരുട്ടിൽ കനത്ത മഴയിൽ സഹോദരിയുടെ കൈകളിൽ താങ്ങി സതീശൻ മലയിറങ്ങി. മലയുടെ താഴെ സതീശന്റെ കൈയിൽ നിന്നും സരോജിനിയുടെ കൈവിട്ടു.
ഒഴുകിയെത്തിയ ചെളിയിൽ അരയോളം താഴ്ന്ന സഹോദരിയെ പിടിച്ച് വലിച്ച് പുറത്തെടുത്ത് മറ്റൊരു വീട്ടിൽ അഭയം തേടി ഇവർ രക്ഷപെട്ടു. ഇത്തരത്തിലുള്ള അതിജീവനത്തിന്റെയും രക്ഷപെടലിന്റെയും കഥകളാണ് ഓരോ ദിവസം കഴിയും തോറും ഉരുൾപൊട്ടൽ മേഖലയിൽ നിന്നും പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.