ഹൃദിനും ആഷ്മിനും ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsനാദാപുരം: ഈസ്റ്റർ ദിനത്തിലെ ആയിരങ്ങളുടെ പ്രാർഥനയോടെ ഹൃദിന്റെയും ആഷ്മിനിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വിലങ്ങാട് സെൻറ് ഫൊറോന ദേവാലയത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അന്ത്യകർമങ്ങൾ നടന്നത്.
ഇരുവരുടെയും സംസ്കാരച്ചടങ്ങിന് താമരശ്ശേരി രൂപത ബിഷപ് നേതൃത്വം നൽകി. ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ നിറമിഴികളോടെ അന്ത്യകർമത്തിന് സാക്ഷികളായി. ശനിയാഴ്ച രാവിലെയാണ് സഹോദരിമാരുടെ മക്കളായ ഹൃദിനും ആഷ്മിനും വീടിനടുത്ത് വിലങ്ങാട് പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചത്. ഈസ്റ്റർ ആഘോഷിക്കാൻ ബംഗളൂരുവിൽനിന്ന് വിലങ്ങാട്ടെ മാതൃസഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ഹൃദിനും കുടുംബവും.
ഹൃദിന്റെ മാതൃ സഹോദരിയുടെ മകളായ ആഷ്മിൻ വിലങ്ങാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ഹൃദിന്റെ സഹോദരി ഹൃദ്യയും ഒഴുക്കിൽപെട്ടിരുന്നെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങൾക്കരികെ വിങ്ങിപ്പൊട്ടിയ ബന്ധുക്കളെ സമാധാനിപ്പിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്രോളി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, സി.വി. കുഞ്ഞികൃഷ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ മോഹനൻ പാറക്കടവ്, പ്രമോദ് കക്കട്ടിൽ, എം.ടി. ഹരിദാസൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംഭവത്തിൽ വെൽഫെയർ പാർട്ടി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം.എ. വാണിമേൽ, ഒ. മുജീബ് റഹ്‌മാൻ, വി.വി. കുഞ്ഞാലി മാസ്റ്റർ എന്നിവർ വീട് സന്ദർശിച്ചു കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.