മരിക്കാത്ത പാട്ടുകൾ
text_fieldsകഴിഞ്ഞ ദിവസം രാവിലെ എനിക്ക് ഫോണിൽ ഒരു വോയ്സ് മെസേജ് വന്നു. എവിടെയാണ്, സുഖമല്ലേ എന്ന് അന്വേഷിക്കുന്നതായിരുന്നു അത്. ‘ഓടുന്നിടത്തോളം ഓടട്ടെ എന്ന് കരുതി ഓടിക്കൊണ്ടിരിക്കുകയാണെന്നും ഒരു ദിവസം കാണാൻ വരാമെ’ന്നും ഞാൻ തിരിച്ച് സന്ദേശം അയച്ചു. അത് ഇന്നലെ രാവിലെയാണ് ഫസീല കേട്ടത്. എന്നാൽ, പറഞ്ഞ വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നെ കാണാൻ അവൾ കാത്തിരുന്നതുമില്ല. പിന്നെ കണ്ടത് അവളുടെ ചേതനയറ്റ ശരീരമാണ്. ഇന്നലെ രാവിലെ അയൽവാസികളിൽ ഒരാൾ വിളിച്ച് മരണവിവരം പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് ഉൾക്കൊള്ളാൻ ഏറെ പണിപ്പെട്ടു. ഒരുപാടു കാലം ഒന്നിച്ചുനടന്നയാൾ ഒരു ചെറിയ മുന്നറിയിപ്പു പോലുമില്ലാതെ പെട്ടെന്ന് വിട്ടുപിരിഞ്ഞു പോയി എന്നറിഞ്ഞപ്പോൾ ആകെ നിയന്ത്രണംവിട്ടുപോയി. ആകെ ഒരു തളർച്ച. മകൻ ഫവാസാണ് എന്നെ ഫസീലയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഫലീസ മാത്രമല്ലേ നമ്മെ വിട്ടുപിരിഞ്ഞിട്ടുള്ളൂ. അവൾ സമ്മാനിച്ച പാട്ടുകൾ എന്നും നിലനിൽക്കും.
1973ലാണ് വിളയിൽ ഫസീല ഞാൻ എഴുതിയ പാട്ട് പാടുന്നത്. അവിചാരിതമായിട്ടായിരുന്നു അത്. നേരത്തെ എന്റെ കൂടെ പാട്ടുപാടിയിരുന്ന ടി.കെ.എം. കോയയുടെ കല്യാണത്തിന് വി.എം. കുട്ടിയും വിളയിൽ വത്സലയും വന്നിരുന്നു. കല്യാണത്തിന്റെ പാട്ടും ഉണ്ട്. അക്കാലത്ത് പ്രേംനസീറിന് തുല്യമായ പരിവേഷമാണ് വി.എം. കുട്ടിക്കും വത്സലക്കും. അവർ വരുന്നുണ്ടെന്ന് കേട്ടാൽ കിലോമീറ്ററുകൾ അകലെനിന്നുവരെ ആളുകൾ നടന്നുപോലും വരും. അന്ന് ഞാൻ സുഹൃത്തായ ടി.കെ.എം. കോയയെക്കുറിച്ച് ഒരു പാട്ടെഴുതിയിരുന്നു. ‘കല്ലായിപ്പുഴയിലെ കുളിർക്കാറ്റേ, കല്യാണപ്പന്തലിൽ വന്നാട്ടെ...’ എന്ന പാട്ട്. ഞാനത് വി.എം. കുട്ടി മാഷുടെ കൈയിൽ കൊടുത്തു. പാട്ട് ഇഷ്ടപ്പെട്ട വി.എം. കുട്ടി അത് വത്സലയെക്കൊണ്ട് പാടിച്ചു. വി.എം. കുട്ടി മാഷും എന്റെ കഴിവിനെ അംഗീകരിച്ചപോലെ തോന്നി. പിന്നീട് 1978ലാണ് മാഷുടെ നിർദേശപ്രകാരം വത്സലക്ക് പാടാനായി പാട്ട് എഴുതിയത്. ‘ഖദ്റെന്നും ചെരിയുന്ന ഹയ്യുൽ ഖയ്യൂമായ ഖുദ്റത്താൽ അമയ്തുള്ളോനെ...’’ -പിന്നെ ഹിറ്റ് പാട്ടുകൾ നിരവധി പാടി. എണ്ണമൊന്നും അറിയില്ല. നടന്നുനടന്ന് നടന്ന് നമ്മള് ഖബറിലെത്തിച്ചേർന്നിടും..., പണ്ട് പണ്ട് പായക്കപ്പൽ..., ആമിനാ ബീവിക്കോമന മോനേ... ഞാൻ എഴുതി യേശുദാസും ഫസീലയും പാടിയ ‘ഹസ്ബീ റബ്ബീ ജല്ലല്ലാഹ്’, ‘പണ്ട് പണ്ട് പായക്കപ്പൽ’, ‘എന്റെ നേരിൻ മാർഗമൊന്ന്’ -അങ്ങനെ നീളുന്നു ആ പട്ടിക. അനുഗ്രഹീതമായ സ്വരമാധുരിയിൽ ഫസീല പാടിയ എല്ലാ പാട്ടും സൂപ്പറായിരുന്നു.
മാപ്പിളപ്പാട്ടിനെ സമർപ്പണ മനസ്സോടെയായിരുന്നു ഫസീല സമീപിച്ചിരുന്നത്. ഭക്തിഗാനമാണെങ്കിൽ അതിന്റെ തഖ് വ (ഭക്തി) ഉൾക്കൊണ്ട്, ആസ്വാദകർക്ക് അനുഭവവേദ്യമാക്കി പാടി. വിരഹ ഗാനമാണെങ്കിൽ അതിന്റേതായ രീതിയിലും ചരിത്രമാണെങ്കിലും കല്യാണപ്പാട്ടാണെങ്കിലും അതിനോട് പൂർണമായി നീതി പുലർത്തിയും ചടുലമായി പാടും. ഒരു പാട്ട് ഏൽപിച്ചാൽ ആദ്യംതന്നെ പാട്ടിനെക്കുറിച്ചും അത് എങ്ങനെ പാടണമെന്നും ചോദിച്ചറിയും, എന്നിട്ടേ പാടൂ. ഞാനും പി.ടി. അബ്ദുറഹ്മാനുമാണ് ഫസീലക്കുവേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയത്.
മാപ്പിളപ്പാട്ടിന് അവർ നൽകിയ സംഭാവന വില മതിക്കാനാവാത്തതാണ്. മുസ്ലിംകളിൽനിന്ന് മാത്രമല്ല, ഇതര സമുദായത്തിൽനിന്നുപോലും പെൺകുട്ടികൾ പുറത്തിറങ്ങി പൊതുഇടങ്ങളിൽ സജീവമാകാൻ അനുവദിക്കാത്ത കാലത്താണ് അവർ ധൈര്യപൂർവം സ്റ്റേജുകളിൽനിന്ന് സ്റ്റേജുകളിലേക്ക് പ്രയാണം തുടങ്ങിയത്. മുസ്ലിമാകുന്നതിനുമുമ്പുതന്നെ നല്ല അക്ഷരസ്ഫുടതയോടെ അറബി വാക്കുകൾ ഉച്ചരിക്കാൻ കഴിഞ്ഞു എന്നത് അവരുടെ ഏറ്റവും വലിയ ഗുണമായിരുന്നു. അരീക്കോട്ടുനിന്ന് അവരെ വെള്ളിപറമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചത് എന്റെ പിതാവ് അടക്കമുള്ളവർ ചേർന്നായിരുന്നു. 1990ലായിരുന്നു അത്. നബിയെ മദീനക്കാർ സ്വീകരിച്ചതുപോലെ ഈ നാട്ടുകാർ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.