പാടാൻവയ്യെങ്കിലും ഫസീലയുടെ പാട്ടുകളിൽ ചുണ്ടനക്കി റംലാ ബീഗം
text_fieldsകോഴിക്കോട്: അവൾ മാപ്പിളപ്പാട്ടിന്റെ വാനമ്പാടി തന്നെയാ. എന്റെ ചില പാട്ടുകൾ എന്നെക്കാൾ കൂടുതൽ വേദികളിൽ പാടി ജനകീയമാക്കിയത് അവൾ തന്നെയാ. ഞാൻ അവൾക്ക് മൂത്തസഹോദരിയെപോലെയായിരുന്നു. അത് അവൾതന്നെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല, അവളുടെ സ്നേഹപെരുമാറ്റങ്ങളും അങ്ങനെ തെന്നയായിരുന്നു- വിളയിൽ ഫസീലയുടെ ഓർമകൾ പങ്കുവെച്ച് ഗായിക റംല ബീഗം പറയുന്നു.
ശാരീരികമായി വയ്യാഞ്ഞിട്ടും ഫസീലയുടെ മരണവിവരം അറിഞ്ഞയുടൻ ആ മുഖം ഒന്ന് അവസാനമായി കാണാൻ തിടുക്കം കൂട്ടുകയായിരുന്നു റംലാ ബീഗമെന്ന് മകൾ റസിയ പറഞ്ഞു. ആശുപത്രിയിൽ പോകാൻപോലും വയ്യെന്നുപറയുന്ന റംലക്ക് ഫസീലയുടെ മയ്യിത്ത് കാണാതിരിക്കാനാവില്ലല്ലോ. ഒരു മാസം മുമ്പ് ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഫസീല വിളിച്ചതായി റംല ബീഗം പറഞ്ഞു. അടുത്തുതന്നെ വീട്ടിൽ കാണാൻ എത്തുമെന്നും അറിയിച്ചതായിരുന്നു. നാലുമാസം മുമ്പാണ് അവസാനമായി എടപ്പാളിൽ ഇരുവരും പരിപാടിയിൽ പങ്കെടുത്തത്. എടപ്പാൾ ബാപ്പുവിന്റെ സർവാദരം പരിപാടിയായിരുന്നു അത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിന് പരിപാടികളിലാണ് ആസ്വാദകരെ ഇരുവരും ചേർന്ന് മാപ്പിളപ്പാട്ടിലൂടെ ഇളക്കിമറിച്ചത്.
ബിസ്മില്ലാഹി എന്നെ... ബമ്പുറ്റ ഹംസ... ഇരുലോകം ജയമണി നബിയുല്ല... തുടങ്ങി എന്റെ പാട്ടുകൾ ഏറെ ഇഷ്ടമായിരുന്നു അവൾക്ക്. എത്രയെത്ര വേദികളിലാണ് അവൾ അതെല്ലാം പാടിയത്. തനിക്ക് ഇഷ്ടമായതുകൊണ്ടുതന്നെയാണ് അതു പാടുന്നതെന്ന് അവൾ പറയുമായിരുന്നു. ആസ്വാദകരില്ലാതെ താനും അവളും മാത്രം ആസ്വാദകരായി പരസ്പരം പാട്ടുകൾ പാടി സ്വയം മറന്നിരുന്നു. ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്കുവന്ന 2005 മുതൽ തങ്ങളുടെ അടുപ്പം കൂടി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആശുപത്രിയിൽ ഐ.സി.യു.വിൽ കഴിഞ്ഞപ്പോൾ ആദ്യം എത്തി മക്കൾക്കൊപ്പം താങ്ങും തണലുമായി നിന്നത് ഫസീലയായിരുന്നു. അങ്ങനെയൊക്കെയുള്ള അവളെ എങ്ങനെ മറക്കാൻ കഴിയും?
വിദേശത്തൊക്കെ ഒരേ സ്റ്റേജിൽ നിരവധി തവണ ഒരുമിക്കാൻ അവസരം കിട്ടിയ കലാകാരികളായിരുന്നു താനും ഫസീലയുമെന്ന് റംലാബീഗം ഓർക്കുന്നു. 2018 ജനുവരിയിൽ ഷംസുദ്ദീൻ നെല്ലറ അബൂദബിയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ആദരം പരിപാടി സംഘടിപ്പിച്ചിരുന്നു. ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഞങ്ങൾ പാടിയ പ്രസിദ്ധമായ പാട്ടുകൾ മറ്റ് ഗായികമാർ പാടുന്ന പരിപാടിയായിരുന്നു. അബൂദബി ഇസ്ലാമിക് സെന്ററിൽ നടന്ന ആ പരിപാടിയിലെ കാണികളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എന്നെ നന്നായി പ്രോത്സാഹിപ്പിച്ചവളായിരുന്നു ഫസീല. ഞാൻ അതിലേറെ അവളെ പ്രോത്സാഹിപ്പിച്ചതായി അവളും പറയുമായിരുന്നു. ഇത്രയും കാലത്തിനിടക്ക് ഒരു ചെറിയ അകൽച്ചക്കും ഇടവരുത്താതെ ഞങ്ങൾ കലാലോകത്ത് സഹോദരികളായി നിലകൊണ്ടു. മതനിഷ്ഠയുള്ളവളായിരുന്നു അവൾ. മാപ്പിളപ്പാട്ടിന്റെ ലോകത്ത് ഏറെ ഇഷ്ടപ്പെട്ട ഗായികയായിരുന്നു ഫസീല- കണ്ണുകൾ നിറച്ച് റംല ബീഗം വാക്കുകൾ മുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.