നടന്ന് നടന്ന് നടന്ന് നമ്മള് ഖബറിലെത്തിച്ചേർന്നിടും...
text_fieldsകോഴിക്കോട്: നടന്ന് നടന്ന് നടന്ന് നമ്മള് ഖബറിലെത്തിച്ചേർന്നിടും... ഇശൽ ഈണങ്ങൾ പാടി പാടി മലയാളിയെ തഖ്വയുടെയും (ദൈവ ഭക്തി) ആസ്വാദനത്തിന്റെയും വിരഹവേദനയുടെയും അതീന്ദ്രിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ പാട്ടുകാരി ഷജറത്ത് പൂത്ത സുവർക്കത്തിൻ വാതിലിലേക്ക് നടന്നകന്നു. മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ലഭിച്ച അനുഗ്രഹമായിരുന്നു വിളയിൽ ഫസീല എന്ന പാട്ടുകാരി
മൊഴിവഴക്കത്തിന്റെ രാജാത്തി
ഇമ്പമാർന്ന സ്വരമാധുരിക്കൊപ്പം അറബ്, പേർഷ്യൻ വാക്കുകൾ അതിന്റെ തനതായ മൊഴിവഴക്കത്തോടെ പാടുന്ന ഇശൽ ഈണമായിരുന്നു കുട്ടിക്കാലം മുതൽ വിളയിൽ ഫസീലയെ ആസ്വാദകരിലേക്ക് ആകർഷിച്ചത്.
ഹല്ലാഖായുള്ളോനെ, ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ... തുടങ്ങിയ പാട്ടുകൾ അറബ് ഉച്ചാരണ ശുദ്ധിയോടെ ഫസീല പാടുമ്പോൾ സദസ്സ് അത് ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു. മാപ്പിളപ്പാട്ട് രംഗത്ത് ആയിശാ ബീഗത്തിനും റംലാബീഗത്തിനുമൊപ്പം അവരെ ചേർത്തുനിർത്തിയതും ഈ മൊഴിവഴക്കമായിരുന്നു.
സ്കൂളിലെ ഒരു അധ്യാപികയിൽനിന്നാണ് വി.എം. കുട്ടി വത്സല എന്ന പെൺകുട്ടിയുടെ സ്വരമാധുരിയെക്കുറിച്ച് അറിയുന്നത്. അന്ന് അഞ്ചാം ക്ലാസിലായിരുന്നു വത്സല. ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയിൽ പാട്ടുപാടാൻ പരിശീലനം നൽകാൻ വി.എം. കുട്ടി, വത്സലയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അത് വത്സലക്ക് മുന്നിൽ പുതിയ ലോകം തന്നെ തുറന്നു. വി.എം. കുട്ടിയുടെ കുടുംബത്തിലെ ഒരംഗമായി വത്സല വളർന്നു. വലിയ പാട്ടുകാരിയായി തൃക്കരിപ്പൂർ സ്വദേശി മുഹമ്മദാലിയെ വിവാഹം കഴിച്ചതിനുശേഷമാണ് വത്സല, വി.എം. കുട്ടിയുടെ വീട്ടിൽ നിന്നുമാറിയത്. അതിനിടെ ഇസ്ലാം ആശ്ലേഷിച്ച് ഫസീല എന്ന് പേര് സ്വീകരിച്ചു. വി.എം. കുട്ടി-ഫസീല കൂട്ടുകെട്ടിൽ നിരവധി ഗാനങ്ങൾ പിന്നീട് മാപ്പിളപ്പാട്ട് ആസ്വാദകരിലെത്തി. മാപ്പിളപ്പാട്ടിന്റെ പര്യായമായി അവർ മാറി.
താരറാണി
താര പരിവേഷത്തോടെയായിരുന്നു അക്കാലത്ത് വിളയിൽ ഫസീലയെ ജനം സ്വീകരിച്ചിരുന്നത്. 1980കളിൽ മാപ്പിളപ്പാട്ട് കാസറ്റുകളിലൂടെ ഫസീലയുടെ സ്വരമാധുരി ഒരു തരംഗമായി മാറുകയായിരുന്നു. നവ മാധ്യമങ്ങൾ ഒന്നുമില്ലാത്ത കാലത്ത് സ്റ്റേജ് പരിപാടികളിലൂടെ മാത്രമാണ് ആരാധകരെ കൈയിലെടുത്തത്. ഫസീലയുടെ പാട്ട് കേൾക്കാൻ ആയിരങ്ങളാണ് അന്ന് കാതങ്ങൾ താണ്ടി എത്തിയത്.
സ്വരമാധുരിയിൽ ആകൃഷ്ടരായി അവരെ കാണാൻ മാത്രം എത്തുന്നവരും ധാരാളമായിരുന്നു എന്ന് അക്കാലത്തെ സഹപ്രവർത്തകരിൽ ഒരാളായ ടി.കെ.എം. കോയ സാക്ഷ്യപ്പെടുത്തുന്നു. 1980ൽ തിരുവനന്തപുരം പൂവാറിൽ ചന്ദക്കുടം നേർച്ച പരിപാടിയിൽ ഫസീലയും വി.എം. കുട്ടിയും പാട്ടുപാടാനെത്തിയിരുന്നു. പാരിപാടി കഴിഞ്ഞപ്പോൾ ഫസീലയെക്കാണാൻ നൂറുകണക്കിന് പേർ തിക്കും തിരക്കും കൂട്ടി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ ഫസീലയെ കസേരയിൽ ഇരുത്തി ആളുകൾ വരിവരിയായി വന്ന് അവരെ കാണിച്ചുകൊടുക്കുകയായിരുന്നു. കൂടെ പാടുന്ന തങ്ങൾപോലും അന്ന് അത്ഭുതപ്പെട്ടുപോയെന്ന് ടി.കെ.എം. കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.