പലായന ഭീതിയിൽ ഇൗ ഗ്രാമങ്ങൾ
text_fieldsഇടുക്കി: ആളനക്കമില്ലാതെ അടഞ്ഞുകിടക്കുകയാണ് ഇൗ ഗ്രാമങ്ങളിൽ മിക്കവാറും വീടുകൾ. പകൽപോലും വീടിനടുത്ത് വരാൻ ഭയക്കുന്നവർ. പുരയിടത്തിലേക്ക് എത്തിനോക്കാൻ പോലും പേടി. ഉരുൾ വിഴുങ്ങിയ ഇടുക്കിയിലെ നായിക്കുന്ന്, മാങ്കടവ്, മാവടി, വിമലഗിരി, പുതുവൽ, കൈലാസം എന്നീ ഗ്രാമങ്ങളിൽ ഭയം മാറുന്നില്ല. ഉറ്റവരുടെ വിയോഗമോ വീട് നഷ്ടമായതോ ഉപജീവനം മുട്ടിയതിെൻറ സങ്കടമോ അല്ല, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ പ്രളയം വിഴുങ്ങിയ ജില്ലയിൽ ഇവരെ ഏറെ ഭയപ്പെടുത്തുന്നത്.
മരണം ഇൗ പ്രദേശങ്ങളെ വെറുതെ വിടുകയായിരുന്നു. സ്വന്തം വീട്ടിലോ പുരയിടത്തിൽപോലുമോ പേടികൂടാതെ കടക്കാനാകാത്ത മനോനിലയാണ് ഇവരെ ഉലക്കുന്നത്. നെടുകെ പിളർന്ന കൂറ്റൻ മലകളും പിളർന്നും നിരങ്ങിയും മാറിയ വീടുകളും ഇടിഞ്ഞുതാഴ്ന്ന പുരയിടങ്ങളുമാണ് ഇവിടത്തെ ദുരന്തക്കാഴ്ച.
അഞ്ചോളം വീടുകൾ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയിരിക്കുന്നു. ചില വീടുകൾ നിലംപൊത്തി കിടക്കുന്നു. തലങ്ങും വിലങ്ങും വിണ്ടുകീറിയ ഭിത്തികളോടുകൂടിയ ഒേട്ടറെ വീടുകൾ വേറെ. മുറ്റം ഇടിഞ്ഞുതാഴ്ന്നിരിക്കുന്നു വേറെ ചില വീടുകളുടെ. വീടിരുന്നതോ അല്ലാത്തതോ ആയ ഭൂമി വ്യത്യസ്ത തട്ടുകളായി താഴുകയോ കുത്തിയൊലിച്ച് പോവുകയോ ചെയ്തിരിക്കുന്നു. മലകൾ ഇടിഞ്ഞിറങ്ങിയിരിക്കുന്നത് മറ്റൊരു കാഴ്ച. വിണ്ടുകീറിയ ഭാഗം കൂടുതലായി അകലുന്നതും ഭീതി വിതക്കുന്നു. കൂറ്റൻ മലയുടെ ഭാഗങ്ങൾ ഇടിഞ്ഞ് താഴ്വരകൾ രൂപപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉദ്ഭവിച്ചു.
ഉരുൾപൊട്ടലിനോടനുബന്ധിച്ചാണ് പല സ്ഥലങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിച്ചത്. സ്വന്തമായുണ്ടായിരുന്ന ഭൂമി മൊത്തമായോ ഭാഗികമായോ ഉരുളെടുത്തിരിക്കുന്നു. തകർന്ന വീടുകൾ സർക്കാർ സഹായത്തോടെ നിർമിക്കാനായാലും ഇടിഞ്ഞുതാഴുന്ന സ്ഥലത്ത് മറ്റൊന്ന് വെക്കുന്നതുപോലും ആലോചിക്കാതെ വയ്യെന്ന പ്രതിസന്ധിയിലാണ് ഇൗ ഗ്രാമങ്ങൾ. ചെറുതോണി വിമലഗിരി, പൊന്നാമല 40 ഏക്കർ, ഇന്ദിര നഗർ, കാലാക്കാട് എന്നിവിടങ്ങളിലും ഇതേ പ്രതിഭാസം ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.
മാവടി മേഖലയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂമിക്ക് വിള്ളലുണ്ടായതോടെയാണ് ജനം പരിഭ്രാന്തിയിലായത്. കൈലാസപ്പാറയിലും ആശാരികണ്ടത്തും നിരവധി കിണറുകൾ ഇടിഞ്ഞുതാണു. ചെറുതോണി ചേലച്ചുവട് മുതൽ ചെമ്പകപ്പാറ കീരിത്തോടുവരെ മൂന്ന് കിലോ മീറ്റർ ദൂരം ഭൂമി വിണ്ടുകീറി. ഇവിടെ റബർ തോട്ടം രണ്ടായി വിഭജിക്കപ്പെട്ടു. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്ന് ജില്ല ജിയോളജിസ്റ്റ് ഡോ. അജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.